രായിരനെല്ലൂർ മലകയറ്റം തുടങ്ങി
കൊപ്പം ∙ രായിരനെല്ലൂർ മലകയറ്റം ഇന്നു നടത്തും. പുലർച്ചെ മുതൽ മലകയറ്റം ആരംഭിച്ചു. പന്തിരുകുല പ്രധാനി നാറാണത്തു ഭ്രാന്തനു ദര്‍ശനം ലഭിച്ചെന്ന ഐതിഹ്യവുമായാണ് എല്ലാ വര്‍ഷവും തുലാം ഒന്നിനു മലകയറുന്നത്. ഇത്തവണ മലയുടെ പടിഞ്ഞാറു ഭാഗത്തെ ചവിട്ടുപടിയിലൂടെ കയറി റോഡിലൂടെ ഇറങ്ങാനാണു നിര്‍ദേശം. നാറാണത്തു ഭ്രാന്തന്റെ കൂറ്റന്‍ പ്രതിമയും ദുര്‍ഗാദേവീ ക്ഷേത്രവുമാണു മലമുകളിലെ പ്രധാന ആകര്‍ഷണം. ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന ലക്ഷാര്‍ച്ചന ഇന്നലെ സമാപിച്ചു. ഇന്നു രാവിലെ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും.രായിരനെല്ലൂർ മലയുടെ നടത്തിപ്പുകാരായ രായിരനെല്ലൂർ മല ദ്വാദശാക്ഷരി ട്രസ്റ്റ് ചെയർമാൻ മധുസൂദനൻ ഭട്ടതിരിപ്പാട്, സെക്രട്ടറി കുമാരസ്വാമി ഭട്ടതിരിപ്പാട്, ട്രഷറർ രാമൻ ഭട്ടതിരിപ്പാട് എന്നിവർ കാർമികത്വം വഹിക്കും. മലമുകളിൽ എത്തുന്ന ഭക്തർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ വലം വച്ചു കാണിക്കയർപ്പിച്ചും മലമുകളിലെ ക്ഷേത്രത്തിൽ പൂജകൾ നടത്തിയുമാണ് ഇറങ്ങുക. മലക്കു താഴെ കൈപ്പുറത്തെ ഭ്രാന്താചല ക്ഷേത്രവും നടുവട്ടത്തെ നാറാണത്തു ഭ്രാന്തന്റെ ഇല്ലവും കൈപ്പുറത്തു ഭ്രാന്തൻ തപസ്സിരുന്നതെന്നു കരുതപ്പെടുന്ന പാറക്കല്ലും ക്ഷേത്രവും ഭക്തർ സന്ദർശിക്കും. മലകയറ്റത്തോടനുബന്ധിച്ച് കൊപ്പം - തിരുവേഗപ്പുറ പാതയിൽ ഇന്നു പുലര്‍ച്ചെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments
Post a Comment