ആത്മഭാഷണങ്ങളുടെ ഭൂപടം' :ഗ്രൂപ്പ് ഷോയ്ക്ക് നവംബർ 15 ന് തുടക്കമാവും
കണ്ണൂർ :കേരളത്തിനകത്തും പുറത്തും തങ്ങളുടെ മേൽ വിലാസം രേഖപ്പെടുത്തിയ അഞ്ച് യുവകലാകാരരുടെ ഷോയായ ആത്മഭാഷണങ്ങളുടെ ഭൂപടം നവംബര്‍ 15 ന് കണ്ണൂര്‍ സൗത്ത് ബസാറിലെ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയില്‍ ആരംഭിക്കും. അരുണ്‍ മംഗള, ചന്ദന കൊത്തമ്പ്ര, നന്ദന അംബ, സജീഷ് പള്ളിക്കര, ശ്യാം ആരമ്പന്‍ എന്നിവരുടെ കലാസൃഷ്ടികളാണ് ഈ പ്രദര്‍ശനത്തില്‍ ഉള്ളത്. വൈകീട്ട് 4.30 ന് നടക്കുന്ന ഉന്ഘാടന ചടങ്ങില്‍ ഈ പ്രദര്‍ശനത്തിലുള്ള കലാകാര്‍ക്ക് പുറമെ, കലാരംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഓര്‍മ്മകളെയും വിചിന്തനങ്ങളെയും, ഭാവനയേയും ചേര്‍ത്തുനിര്‍ത്തുന്ന, അവനവന്റെയുള്ളിലെ ലോകത്തെക്കുറിച്ചുള്ള ഒരു അന്വേഷണം കൂടിയാണ് 'ആത്മഭാഷണങ്ങളുടെ ഭൂപടമെന്ന് സംഘാടകര്‍ പറഞ്ഞു. നമ്മുടെ നിത്യജീവിതത്തെ നിശബ്ദമായി രൂപപ്പെടുത്തുന്ന അനുഭവങ്ങളെയും അതിന്റെ ഉപരിതലത്തിനടിയില്‍ സുഷുപ്തമായ വികാരങ്ങളുടെയും ഓര്‍മ്മകളുടെയും സൂക്ഷ്മരൂപങ്ങളെയും അന്വേഷിക്കുന്ന ഒരു യാത്രയാണിത്. ഈ കലാകാരരെയും അവരുടെ സൃഷ്ടികളെയും പരസ്പരം ചേര്‍ത്തുനിര്‍ത്തുന്നത് നമ്മളെല്ലാവരും നമ്മുടെയുള്ളില്‍ കൊണ്ടുനടക്കുന്ന ആന്തരിക ജീവിതത്തോടുള്ള സംവേദനക്ഷമതയാണ്. ഈ പ്രദര്‍ശനത്തിലേക്ക് ചുവടുവെക്കുകയെന്നത്കാണാത്ത ലോകത്തുകൂടെയുള്ള ഒരു യാത്രയ്ക്കുള്ള ഒരു ക്ഷണം സ്വീകരിക്കുന്നതുപോലെയാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ സംവാദപരിപാടികളും വരുംദിവസങ്ങളില്‍ നടത്തും.

Comments
Post a Comment