ഗുണ്ടാസംഘങ്ങളുടെ കുടിപ്പക ഉപ്പളയിൽ നിരവധിക്രിമിനൽ കേസിലെ പ്രതിയായ യുവാവ് വെട്ടേറ്റു മരിച്ചു




കാസർകോട്: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ ആരോപണവിധേയനായ യുവാവിനെ വെട്ടിക്കൊന്നു. മംഗളൂരുവിലെ ഫൈസല്‍ നഗര്‍ സ്വദേശിയായ നൗഫല്‍ ബജല്‍ എന്നയാളെയാണ് ഇന്ന് പട്ടാപ്പകൽ അഞ്ജാത സംഘം കൊലപ്പെടുത്തിയത്. ഇയാള്‍ തൊപ്പി നൗഫല്‍ എന്നും അറിയപ്പെടുന്നതായി പൊലിസ് അറിയിച്ചു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം പോലിസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  ഒരു ക്രിമിനല്‍ സംഘം നൗഫലിനെ വിളിച്ചുവരുത്തിയ ശേഷം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് വൃത്തങ്ങള്‍ പറയുന്നു. നൗഫലിന്റെ തലയിലും കൈകളിലും ഗുരുതരമായ വെട്ടുകള്‍ ഏറ്റിരുന്നു. നൗഫല്‍ പ്രദേശത്തേക്ക് എത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്കും പ്രദേശത്തുനിന്നും പൊലിസ് കണ്ടെത്തി. ലഹരിക്കടത്ത്, ഭീഷണിപ്പെടുത്തി പണം പിരിക്കല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ പങ്കാളിത്തമുള്ള നൗഫല്‍ അധോലോകത്തിന്റെ ഭാഗമാണെന്നും പൊലിസ് വ്യക്തമാക്കി. 2017ല്‍ പറങ്കിപ്പേട്ടയില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം