യാതൊരു സുരക്ഷയും ഏർപ്പെടുത്താതെ ജീർണാവസ്ഥയിലുള്ള സ്റ്റേഡിയത്തിൽ ഫുട്ബോൾ മാമാങ്കം



കണ്ണൂർ : കണ്ണൂർ വാരിയേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗിലെ കൊമ്പൻമാരിലൊന്നായ തൃശൂർ മാജിക്ക് എഫ്.സിയുമായി നാളെ വൈകിട്ട് ഏറ്റുമുട്ടുമ്പോൾ സോക്കർ ലഹരിയിൽ ആർപ്പുവിളിക്കാൻ വൻ ജനസഞ്ചയം തന്നെ എത്തിയേക്കും അഞ്ച് മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നായി പതിനായിരത്തിലേറെ കാണികളെ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കാണികളുടെ വൻ ഒഴുക്കുണ്ടാകുന്നത് ആഹ്ളാദകരമാണെങ്കിലും ഒപ്പം ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ കോർപറേഷൻ പൂർത്തീകരിച്ചുവെങ്കിലും പഴഞ്ചൻ കെട്ടിടത്തിൻ്റെ ജീർണതയാണ് ആശങ്കയുണ്ടാക്കുന്നത്. സ്റ്റേഡിയത്തിലെ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ് 'പലതിൻ്റെയും സീലിങ്ങുകൾ ഇളകി കമ്പി പുറത്തു കാണാവുന്ന അവസ്ഥയിലാണ്. ഇത്തരം മുറികളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപന ഉടമകളെ നേരത്തെ കോർപറേഷൻ തന്നെ ഒഴിപ്പിച്ചതാണ്. പതിനായിരം പോയിട്ട് അയ്യായിരം പേരെപ്പോലും താങ്ങാനുള്ള ശേഷി ഗ്യാലറിക്കില്ലെന്നാണ് വിദഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായാൽ കാണികളെ അതിവേഗം പുറത്ത് എത്തിക്കാനുള്ള സേഫ്റ്റി ഡോറുകളുമില്ല. കെട്ടിടത്തിൻ്റെ വൈദ്യുതി സംവിധാനവും ഏറെ പഴഞ്ചനാണ്.

പ്രവേശന കവാടമായ ഗേറ്റുകൾ വൈകിട്ട് തുറന്ന് മത്സരം തുടങ്ങുന്നതിന് മുൻപ് അടക്കുമെന്നാണ് സൂചന. ഗ്യാലറി കെട്ടിടത്തിന് ഫയർ ആൻഡ് റസ്ക്യൂവിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്നത്. യാതൊരു സുരക്ഷയുമില്ലാത്ത സ്റ്റേഡിയത്തിലേക്ക് പതിനായിരത്തിലേറെ ഫുട്ബോൾ പ്രേമികൾ മത്സരം കാണാനെത്തുന്നതെന്ന ആശങ്ക ജനങ്ങളിൽ ശക്തമാണ്. സൂപ്പർ ലീഗ് മത്സരത്തെ കണ്ണൂരിലെ ജനങ്ങളും ഫുട്ബോൾ പ്രേമികളും ആവേശത്തോടെയാണ് വരവേൽക്കുന്നതെങ്കിലും മതിയായ സുരക്ഷയെ വിടെയെന്ന ചോദ്യത്തിന് മുൻപിൽ കൈമലർത്തുകയാണ് കോർപറേഷനും സംഘാടകരും കളമശേരിയിൽ സ്റ്റേഡിയം തകർന്ന് വീണ് ഉമാ തോമസ് എം.എൽ.എയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. മരണത്തിൽ നിന്നും തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. അതിനു ശേഷം ബംഗ്ളൂരും കരുരും ദുരന്തങ്ങളുണ്ടായി. രാജ്യത്തെ നടുക്കിയ ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെയാണ് കണ്ണൂരിലും ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം