വിനോദ സഞ്ചാരികൾക്ക് അപകടക്കെണിയൊരുക്കി പയ്യാമ്പലം, ലൈഫ് ഗാർഡുമാർക്ക് ക്ഷാമം, മുന്നറിയിപ്പു ബോർഡുകളിലൊതുങ്ങി സുരക്ഷ




കണ്ണൂർ: ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതും വിനോദ സഞ്ചാരികളുടെ അശ്രദ്ധയും കണ്ണൂർ പയ്യാമ്പലം ബീച്ചിനെ മരണക്കെണിയാക്കുന്നു. വിരലിൽ എണ്ണാവുന്ന ലൈഫ് ഗാർഡുമാരെ വിനോദ സഞ്ചാര വകുപ്പിൻ്റെതായി പയ്യാമ്പലത്തുള്ളൂ. തുച്ഛമായ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആറു ജീവനക്കാരിൽ പലരും തിരക്കുള്ള ദിവസങ്ങളിൽ അവധിയിലുമാണ്. മുന്നറിയിപ്പു ബോർഡുകൾ മാത്രമേ ഇവിടെ സുരക്ഷയ്ക്കായുള്ളു. മറ്റൊന്നും ഇല്ലാത്തതിനാൽ തദ്ദേശി യരല്ലാത്ത വിനോദ സഞ്ചരികൾക്ക് കടലിൻ്റെ അപകടാവസ്ഥ മനസിലാവാതെ അപകട ചുഴിയിൽ കുളിക്കാനിറങ്ങുമ്പോൾ വീണുപോകുന്നു.

അവധി ദിനമായ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാര്‍ത്ഥികളാണ് അതി ദാരുണമായി മരിച്ചത്. കര്‍ണാടക സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും. പുറത്തെടുത്ത ആളെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇവരെ കൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മെഡിക്കൽ വിദ്യാര്‍ത്ഥികളുടെയും 11 അംഗ സംഘമാണ് എത്തിയത്. ശനിയാഴ്ച്ച കണ്ണൂര്‍ ക്ലബിൽ താമസിച്ചതിന് ശേഷം ഞായറാഴ്ച്ച ബീച്ചിൽ എത്തിയതായിരുന്നു. എട്ട് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന്  പേരാണ് തിരയിൽപെട്ടത്. ആദ്യം രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് മൂന്നാമത്തെയാളെ പുറത്തെടുത്തത്. ഇയാളെ റോഡിലേക്ക് എത്തിച്ച സമയത്താണ് ആംബുലൻസ് സംവിധാനമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം