അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെഡി.വൈ.എഫ് ഐ മേഖലാ കമ്മിറ്റിയംഗമാക്കി ഉയർത്തി: സ്ഥാനകയറ്റം കേസിൻ്റെ വിചാരണ വേളയിൽ
കണ്ണൂർ : എം.എസ്.എഫ് തളിപറമ്പ് മണ്ഡലം ഭാരവാഹിയായ അരിയിൽ ഷുക്കൂറിനെ ആൾക്കൂട്ട വിചാരണ നടത്തി കുത്തിക്കൊന്ന കേസിലെ പതിനഞ്ചാം പ്രതിക്ക് ഡിവൈഎഫ്ഐ കണ്ണപുരം മേഖലാ കമ്മിറ്റിയംഗമായി സ്ഥാനക്കയറ്റം.കഴിഞ്ഞ ദിവസം നടന്ന കണ്ണപുരം മേഖലാ സമ്മേളനത്തിലാണ് കേസിലെ പതിനഞ്ചാം പ്രതിയായ ഷിജിൽ മോഹനെ മേഖല കമ്മിറ്റിയിലേക്ക് സ്ഥാനകയറ്റം നൽകിയത്. കേസിൻ്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പ്രതികളിലൊരാൾക്ക് സംഘടന ഉപരി കമ്മിറ്റിയിൽ പ്രാതിനിദ്ധ്യം നൽകുന്നത്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹികളിലൊരാളായ അരിയിൽ ഷുക്കൂർ കണ്ണപുരം കീഴറ വയലിൽ നിന്നും കൊല്ലപ്പെടുന്നത്. നൂറോളം സി.പിഎം പ്രവർത്തകർ വളഞ്ഞു വെച്ചതിനു ശേഷം പാർട്ടികോടതി നടത്തി വിചാരണ ചെയ്തതിനു ശേഷം നെഞ്ചിൽ കഠാരകൊണ്ടു കുത്തിക്കൊന്നു വെന്നാണ് കുറ്റപത്രം സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി. വി രാജേഷ് എന്നിവരുൾപ്പെടെ 33 പേരാണ് കേസിലെ പ്രതികൾ. ഗുഡാലോചനകുറ്റത്തിനാണ് അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെയും കല്യാശേരി മണ്ഡലം എം.എൽ.എയായിരുന്ന ടി.വി രാജേഷിനെയും പ്രതി ചേർത്തത്. 24 വയസുള്ള അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത് പാർട്ടി കോടതി ചേർന്ന് വിചാരണ ചെയ്തതിനു ശേഷമാണെന്ന വാർത്ത പുറത്തുവന്നത് അന്നത്തെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിരുന്നു. തളിപറമ്പ് - പട്ടുവം മേഖലയിൽ സി.പി.എം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നിരവധി വീടുകൾ ഇരുഭാഗത്തെയും അക്രമിക്കപെട്ടിരുന്നു. സംഘർഷ ബാധിത പ്രദേശം സന്ദർശിക്കാനായി പോയ പി. ജയരാജൻ്റെ ബെലോറൊ ജീപ്പിനുനേരെയും കല്ലേറുണ്ടായി. ഇതിനെ തുടർന്ന് പി. ജയരാജൻ ഉൾപ്പെടെയുള്ളവർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സ തേടിയിരുന്നു. ഇതിനെ തുടന്നാണ് 'കല്ലേറിൽ പങ്കെടുത്തുവെന്ന് ആരോപിച്ചു അരിയിൽ ഷുക്കൂറിനെയും സുഹൃത്തിനെയും തടഞ്ഞുവയ്ക്കുകയും ഷുക്കൂറിനെ കുത്തിക്കൊല്ലുകയും ചെയ്യുന്നത്.

Comments
Post a Comment