ബി. എൽ. ഒയുടെ മരണം എസ്.ഐ. ആർ ജോലി സമ്മർദ്ദമല്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ




കണ്ണൂർ : പയ്യന്നൂർ മണ്ഡലത്തിലെ പതിനെട്ടാം നമ്പർ ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോർജിൻ്റെ മരണത്തിന് പിന്നിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദമില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അംഗൻവാടി അധ്യാപകരെ ബി. എൽ ഒ മാരായി മാറ്റിയതിൻ്റെ ഭാഗമായാണ് ആലപ്പടമ്പ് കുന്നരു യു.പി സ്കുളിലെ ഓഫീസ് അറ്റൻഡറായ അനീഷിനെ ചുമതലയേൽപ്പിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഒക്ടോബർ നാലിന് ഇതു സംബന്ധിച്ച തീവ്ര പരിശീലനം നൽകിയിരുന്നു. ആകെ 10 65 എന്യുമറേഷൻ ഫോമാണ് അനീഷിന് വിതരണം ചെയ്യാൻ നൽകിയിരുന്നത്. ഇതിൽ 825 എണ്ണം വിതരണം ചെയ്തു. 240ഫോമുകളാണ് ശേഷിച്ചിരുന്നത്. ബാക്കിയുള്ള ഫോമുകൾ ഇതുവരെ വിതരണം ചെയ്തിരുന്നുവെങ്കിലും പോർട്ടലിൽ അപ്ഡേറ്റ് കിട്ടാത്തതിനാൽ അൻപതു ഫോമുകൾ മാത്രമേ ബാക്കിയുള്ളുവെന്ന് ബി. എൽ. ഒ. ഔദ്യോഗികമായി മേൽ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. ഫീൽഡ് തലത്തിൽ ഫോറം വിതരണം കാര്യക്ഷമമാക്കുന്നതിനായി റവന്യു ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആവശ്യമായ സൗകര്യങ്ങളോടെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 15ന് അനീഷിനെ സഹായിക്കുന്നതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരം ഫീൽഡ് അസി. പ്രദീപൻ കൂടെ പോയിരുന്നു. കൃത്യനിർവഹണത്തിൽ യാതൊരു ബുദ്ധിമുട്ടുമുള്ളതായി അതിനാൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ 84. 3 ശതമാനം പുരോഗതി ഇലക്ടറൽ ഫോറം വിതരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ദിവസം രാവിലെ 8.45 ന് ബാക്കിയുള്ള 240ഫോറങ്ങൾ പൂരിപ്പിക്കുന്നതിനായി എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന കാര്യം ബുത്ത് ലെവൽ സൂപ്പർവൈസർ ഷീജ ബി എൽ ഒയെ ബന്ധപ്പെട്ടതായും തൻ്റെ ജോലികൾ താൻ തന്നെ പൂർത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബി. എൽ.ഒ അനീഷ് പറഞ്ഞിരുന്നു. ദൈനംദിന അവലോകനത്തിൻ്റെ ഭാഗമായാണ് ബി. എൽ ഒയെ ചുമതലയുള്ള ഉദ്യോഗസ്ഥ ഫോണിലൂടെ ബന്ധപ്പെട്ടത്. ഈ കാര്യം പരാമർശിക്കുന്ന ആത്മഹത്യ കുറിപ്പും പെരിങ്ങോം പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക പരിശോധനയിൽ ബി. എൽ. ഒ തൻ്റെ ഔദ്യോഗിക കർത്തവ്യങ്ങൾ ഫലപ്രദമായി നിർവഹിച്ചിട്ടുണ്ട്. ഭരണപരമായ അന്വേഷണങ്ങളിൽ എസ്.ഐ. ആറുമായി ബന്ധപ്പെട്ട ജോലികളും ബി. എൽ. ഒയുടെ ആത്മഹത്യയും തമ്മിലുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. അനീഷ് ജോർജിൻ്റെ മരണത്തിൽ ജില്ലാ ഭരണകൂടം ഹൃദയംഗമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൻ്റെ നഷ്ടം നികത്താൻ കഴിയില്ലെങ്കിലും കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങളും സാമ്പത്തിക നഷ്ടപരിഹാരവും നൽകുമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം