പി. ഹരീന്ദ്രൻ്റെ പ്രസംഗം നാട്ടിലെ സാമുദായികാന്തരീക്ഷം തകർക്കുന്നത്: പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് എസ്.ഡി.പി.ഐ
കണ്ണൂർ : പാലത്തായി പോക്സോ കേസിൽ സി.പി.എം നേതാവ് പി. ഹരീന്ദ്രൻ്റെ നാവിലൂടെ പുറത്ത് വന്നത് ആർ എസ്.എസ് സ്വരമാണെന്ന് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപറമ്പ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.ഹരീന്ദ്രൻ കഴിഞ്ഞ ദിവസം പാനൂരിൽ നടത്തിയ പ്രസംഗം ആർ.എസ്.എസ് ഉയർത്തുന്ന വർഗീയ ചിന്തകൾക്ക് കരുത്ത് പകരുന്നതാണ്. പീഡനത്തിന് ജാതിയോ മതമോ യില്ല. പാലത്തായി കേസിൽ പ്രതി ഹിന്ദുവും ഇര മുസ്ലീമുമായതുകൊണ്ടാണ് ഇത്ര ചർച്ചയായതെന്ന കണ്ടെത്തൽ സമൂഹത്തിൽ ഉണ്ടാകുന്ന ഭിന്നിപ്പിൻ്റെ ആഴം എത്രയായിരിക്കുമെന്ന് സി.പി.എം മനസിലാക്കണം. പ്രതി ഹിന്ദുവായത് കൊണ്ടല്ല സംഭവം വിവാദമാവുകയും ചർച്ചയാവുകയും ചെയ്തത്. പ്രതി ആർ.എസ്.എസ് നേതാവായ തുകൊണ്ട് പൊലിസ് അയാളെ സംരക്ഷിക്കാൻ നടത്തിയ ശ്രമത്തിൻ്റെ ഭാഗമായാണ് സമരവും പ്രതിഷേധവുമുണ്ടായത്. പ്രതിയെ തുടക്കത്തിൽ അറസ്റ്റു ചെയ്യാൻ പൊലിസ് തയ്യാറായിരുന്നുവെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ രുപീകരണം തന്നെ ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇടതു സർക്കാരിൻ്റെ പൊലിസിലെ ആർ.എസ്.എസ് സെൽ പ്രതിയെ രക്ഷിക്കാനാവും വിധം ശ്രമിച്ചു. നാട്ടുകാരുടെയും ബഹുജനങ്ങളുടെയും നിതാന്ത ജാഗ്രത കൊണ്ടാണ് ആർ.എസ്.എസ് നേതാവായ പ്രതി അറസ്റ്റുചെയ്യപ്പെട്ടത്. ആർ.എസ്.എസ് നേതാവിന് കിട്ടിയ പൊലിസ് സംരക്ഷണം പോക്സോ പോലുള്ള ഗുരുതര കേസുകളിൽ പ്രതികളായ മറ്റുള്ളവർക്ക് കിട്ടാറുണ്ടോയെന്ന് പി.ഹരീന്ദ്രൻ അന്വേഷിക്കണം. സത്യം ഇതായിരിക്കെ ആർ.എസ്.എസ് ഉയർത്തുന്ന വാദങ്ങൾക്ക് ശക്തി പകരുന്ന ഇത്തരം അവിവേക പ്രസ്താവനകൾ നടത്തുന്ന സി.പി.എം നേതാക്കൾ സ്വയം കുഴി തോണ്ടുകയാണെന്നും ആർ.എസ് എസ് മനസ്ഥിതിക്ക് സാമൂഹിക തലം ഉണ്ടാക്കി കൊടുക്കുന്ന പ്രസ്താവനകളിൽ നിന്ന് സി.പി.എം. നേതാക്കൾ പിൻമാറണം. നാട്ടിൽ നിലനിൽക്കുന്ന സാമുദായിക അന്തരീക്ഷം തകർക്കുന്ന പ്രസംഗം പിൻവലിച്ച് പി. ഹരീന്ദ്രൻ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.സി ഷഫീഖ് ജില്ലാ കമ്മിറ്റിയംഗം ഹാറൂൺ കടവത്തൂർ എന്നിവരും പങ്കെടുത്തു.

Comments
Post a Comment