മന്ത്രിശിവൻകുട്ടിയുടെ കോലം കത്തിച്ച സാഗറിനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സി.പി.ഐ വെട്ടിനിരത്തി
കണ്ണൂര്‍: പി എം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ കണ്ണൂർ നഗരത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമാക്കി പ്രകടനം നടത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് നേതാവിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റില്ല. സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ അപ്രീതിക്കിരയായ നേതാവിനെ
സിപിഐ ജില്ലാ നേതൃത്വമാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും വെട്ടിനിരത്തിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മാട്ടൂല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സിപിഐ തെരഞ്ഞെടുപ്പ് സബ് കമ്മിറ്റി നിര്‍ദേശിച്ച രണ്ട് പേരുകളില്‍ ഒന്ന് എഐവൈഎഫ് കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ വി സാഗറിന്‍റേതായിരുന്നു. എന്നാല്‍ സാഗറിനെ പരിഗണിക്കാതെ മൂന്ന് ടേം വ്യവസ്ഥ മറികടന്ന് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പിനെയാണ് സിപിഐ തെരഞ്ഞെടുത്തത്.
സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സാഗറിനെ പരിഗണിക്കാതിരുന്നതെന്നാണ് വിവരം. എന്നാല്‍ ജയസാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നാണ് സി.പി.ഐ കണ്ണൂർജില്ലാ നേതൃത്വത്തിന്റെ വിശദീകരണം
പിഎം ശ്രീ പദ്ധതിക്കെതിരെ കണ്ണൂരില്‍ നടത്തിയ പ്രകടനത്തിലാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചത്. സംഭവത്തില്‍ സിപിഐ യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കളില്‍ നിന്നും വിശദ്ദീകരണം ചോദിച്ചിരുന്നു. സാഗറിനെ കൂടാതെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷില്‍ നിന്നാണ് വിശദീകരണം തേടിയത്. നേതാക്കളുടെ പ്രവൃത്തിയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. തൻ്റെ കോലം കത്തിച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പരസ്യമായി സി.പി.ഐക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇടതു സർക്കാരിലെ മന്ത്രിയുടെ കോലം കത്തിക്കുന്നത് മുന്നണിയുടെ കോലം കത്തിക്കുന്നതിന് തുല്യമാണെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ ഈ കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബി നോയ് വിശ്വം നേരിട്ട് ഇടപെട്ടാണ് സാഗറിനെ ഒതുക്കിയത്.

Comments
Post a Comment