വൺ വെ തെറ്റിച്ചുള്ള വാഹനങ്ങളുടെ പ്രളയം,വളപട്ടണത്ത് അപകടങ്ങൾ വർദ്ധിക്കുന്നു
കണ്ണൂർ : കണ്ണൂർ - കാസർകോട് ദേശീയപാതയിലെ പുതിയ തെരു-വളപട്ടണം ഭാഗങ്ങളിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള ട്രാഫിക്ക് പരിഷ്ക്കരണം അവതാളത്തിലായി. കെ.വി സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക്ക് പൊലിസിൻ്റെയും ചിറക്കൽ, വളപട്ടണം പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സംയുക്ത യോഗത്തിലാണ് ഗതാഗതര പരിഷ്ക്കരണം സംബന്ധിച്ച തീരുമാനമെടുത്തു നടപ്പിലാക്കിയത്. നേരത്തെ പുതിയ തെരു-വളപട്ടണം റോഡിൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്ക് കാരണം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടന്നിരുന്നു. ഇതു കാരണം പലർക്കും ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് താൽക്കാലിക പ്രശ്ന പരിഹാരത്തിനായി എം.എൽ.എ യുടെ നേതൃത്വത്തിൽ അടിയന്തിര പ്രശ്ന പരിഹാരത്തിനായി യോഗം ചേർന്നത്. ഇതുപ്രകാരം വളപട്ടണത്ത് നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വൺവേയായി വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. കണ്ണൂരിൽ നിന്നും പോകുന്ന വാഹനങ്ങൾ വളപട്ടണത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്കുള്ള റോഡിൽ കയറി പെട്രോൾ പമ്പിൻ്റെ സൈഡിലൂടെ കയറി ചുങ്കം ഭാഗത്തേക്ക് പോകണം. തളിപറമ്പ് ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഈ വഴിയാണ് പോകണമെന്നായിരുന്നു നിർദ്ദേശം. അതുപോലെ കണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈവേ വഴി തന്നെ കടന്നുപോകണമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വൺവെ തെറ്റിച്ചു കൊണ്ടു പെട്രോൾ പമ്പിന് സമീപത്തുകൂടി ചുങ്കത്തേക്കുള്ള റോഡിലേക്ക് വാഹനങ്ങൾ അനിയന്ത്രി തമായി വൺ വെ തെറ്റിച്ചു കടന്നുവരികയാണ്. ഇതുകാരണം മിക്ക ദിവസങ്ങളിലും ഈ റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു. രാത്രികാലങ്ങളിൽ കടുത്ത ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. പൊലിസ് പകൽ സമയങ്ങളിൽ മാത്രമേ ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടാകാറുള്ളു. രാത്രികാലങ്ങളിൽ തോന്നും പോലെയാണ് ഈ റൂട്ടിലെ വാഹന ഗതാഗതം. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൺവെ തെറ്റിച്ചോടുന്ന വാഹനങ്ങൾ ഗതാഗത കുരുക്കിനും അപകടങ്ങൾ കാരണമാകുന്നത് തടയാൻ പൊലിസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments
Post a Comment