സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു
ചെക്കിക്കുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ കെ.കെ.പി അബ്ദുള്ള മുസ്ലിയാര്‍ (77) അന്തരിച്ചു. പാലത്തുങ്കരയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.അല്‍ഹാജ് റമളാന്‍ ശൈഖിന്റെയും പാലത്തുങ്കര ശാഹുല്‍ ഹമീദ് വലിയുല്ലാഹിയുടെ മകള്‍ ആയിശയുടെയും മകനായാണ് ജനനം. സമസ്ത കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്, ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പാലത്തുങ്കര മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. പാനൂർ വിളക്കോട്ടൂര്‍ ജുമുഅത്ത് പള്ളി, പുതുശ്ശേരി ജുമുഅത്ത് പള്ളി, മാവിലേരി ജുമുഅത്ത് പള്ളി, പുളിങ്ങോം ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിട്ടുണ്ട്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പാലായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11.30ന് പാലത്തുങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Comments
Post a Comment