പൊന്തക്കാടുകൾ റോഡിലേക്ക് വളർന്നു : വെള്ളച്ചാൽ - ഓടക്കാട് റോഡിൽ കാൽനട യാത്രക്കാർക്ക് ഭീഷണി
മക്രേരി : വെളളച്ചാൽ - ഓടക്കാട് റോഡിൽ പാതയോരത്ത് കാട് വളർന്നത് കാരണം കാൽനട യാത്രക്കാർ അപകട ഭീഷണിയിൽ. റോഡിനിരുവശവുമാണ് പൊന്തക്കാടുകൾ പടർന്ന് പന്തലിച്ചു നിൽക്കുന്നത്. നിത്യേനെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ അഞ്ചരക്കണ്ടി - മമ്പറം ഭാഗങ്ങളിലേക്കും വെളളച്ചാൽ - ചക്കരക്കൽ - മൂന്നു പെരിയ ഭാഗത്തേക്കും കടന്നുപോകുന്നുണ്ട്. ബസുകളും സർവീസ് നടത്തുന്നുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി വിദ്യാർത്ഥികളും ഇതിലൂടെയാണ് കാൽ നടയാത്രയായി സഞ്ചരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി കണ്ണൂർ, തലശേരി നഗരങ്ങളിലേക്ക് പോകുന്നവരും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. കിലാലൂർ, ബാവോഡ് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ നിത്യസഞ്ചാര മാർഗമാണിത്. അമിത വേഗതയിലാണ് ചില വാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ റോഡിലിറങ്ങി നടക്കുന്നത് യാത്രക്കാരുടെ ജീവന് തന്നെ അപകടമാണ് മഴയ്ക്കു ശേഷം പടർന്നുപന്തലിച്ച പൊന്തക്കാടുകൾ വാഹന യാത്രക്കാരുടെ കാഴ്ച്ചയെയും മറയ്ക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ച ദിശാബോർഡുകളും മറഞ്ഞു കിടയ്ക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചത് നാട്ടുകാരിൽ ഇന്നും നടുക്കുന്ന ഓർമ്മകളിലൊന്നാണ്. അപകട സാദ്ധ്യതയുണ്ടാക്കുന്ന പൊന്തക്കാടുകൾ എത്രയും പെട്ടെന്ന് വെട്ടിമാറ്റി കാൽ നടയാത്രക്കാർക്ക് സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമാണ്. ചരിത്ര പ്രസിദ്ധമായ മക്രേരി ക്ഷേത്രം ഈ റൂട്ടിലാണ്. ഡിസംബറിൽ ഇവിടെ നടക്കുന്ന അഖണ്ഡസംഗീതാരാധനാ യജ്ഞത്തിൽ പങ്കെടുക്കാൻ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്തിച്ചേരാറുണ്ട്.

Comments
Post a Comment