ആൻഡ്രൂവിൻ്റെ രാജകീയ അടയാളങ്ങൾ ബക്കി ഹാം കൊട്ടാരം എടുത്തുമാറ്റുമ്പോൾ
ലണ്ടൻ:യൂറോപ്പിൻ്റെ ചരിത്രം രാജവംശങ്ങളുടേത് കൂടിയാണ്. 1870ൽ രാജവാഴ്ച അവസാനിപ്പിച്ച് ഫ്രാൻസാണ് രാജകീയ പാരമ്പര്യത്തിൽ നിന്ന് പുറത്ത് കടന്ന് രാജ്യത്തെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ആദ്യ രാജ്യം. പിന്നീട് 1917ലെ കമ്മ്യൂണിസ്റ്റ് വിപ്ലവം റഷ്യയിൽ സർ ചക്രവർത്തിമാരുടെ അടിവേരിളക്കി. ഇതിനടിയിൽ രാജാധികാരം നിലനിർത്താൻ ഫ്രാൻസിൽ ഗില്ലറ്റുകളും റഷ്യയിൽ ഫയറിംഗ് സ്ക്വാഡുകളും പഠിച്ചപണി പതിനെട്ടും നോക്കിയിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച ഒരു ജനതയായിരുന്നു ഇവിടങ്ങളിലെല്ലാം രാജാധികാരത്തിൻ്റെ അടിവേരറുത്തത്.
എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബ്രിട്ടീഷ് രാജവംശം ഇപ്പോഴും നിയന്ത്രിതമായ അധികാരത്തോടെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് രാജവംശത്തിൻ്റെ കീർത്തി മുദ്രയായി കണക്കാക്കിയിരുന്ന സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന വിശേഷണം 20-ാം നൂറ്റാണ്ടിൻ്റെ പകുതിയോടെ തീരെ ദുർബലപ്പെട്ടിരുന്നു. ബ്രിട്ടൻ കോളനിയാക്കി വെച്ചിരുന്ന ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ജനാധിപത്യത്തിൻ്റെ വഴിയേ നടന്ന് റിപ്പബ്ലിക്കുകളായി. ഇതിന് പിന്നാലെ ബ്രിട്ടീഷ് കോമൺവെൽത്ത് എന്ന സംവിധാനം പോലും ദുർബലമായി. അപ്പോഴും ബ്രിട്ടനിലെ ഭരണക്രമത്തിൽ ബ്രിട്ടീഷ് രാജവംശത്തിൻ്റെ അടയാളങ്ങൾ രാജ്യത്തിൻ്റെ ജനാധിപത്യ രീതികളുമായി ചേർന്ന് തന്നെ മുന്നോട്ട് പോയി. ഫ്രാൻസിലോ, റഷ്യയിലോ അധികാരം നിലനിർത്താൻ രാജവംശങ്ങൾ സ്വീകരിച്ച മാർഗ്ഗങ്ങളെ പിന്തുടർന്നില്ല എന്നത് തന്നെയാണ് ബ്രിട്ടീഷ് രാജവംശത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ ആൻഡ്രൂ രാജകുമാരൻ്റെ രാജപദവികൾ ഒഴിവാക്കാനുള്ള രാജകുടുംബത്തിൻ്റെ തീരുമാനം ജനങ്ങളെ അറിയിച്ച രീതി ഇതിൻ്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
എലിസബത്ത് രാജ്ഞിക്കൊപ്പം ആൻഡ്രൂവും ചാൾസും ബെക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ ബാൽക്കണിയിൽ
രാജാധികാരം ദൈവികമല്ല, ജനകീയമാണ് എന്നൊരു പ്രതീതി കഴിഞ്ഞ അരനൂറ്റാണ്ടായി ഏറ്റവും പ്രകടമായി ബ്രിട്ടീഷ് രാജവംശം സൃഷ്ടിക്കുന്നുണ്ട്. പത്രക്കുറിപ്പിലൂടെ ആൻഡ്രൂവിൻ്റെ രാജപദവി റദ്ദുചെയ്തു എന്ന് രാജകുടുംബം ലോകത്തെ അറിയിക്കുമ്പോൾ ഇത്തരം ഒരു പ്രതീതി നിർമ്മാണം കൂടിയാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. ബ്രിട്ടനിൽ ഇനിയെന്തിനാണ് രാജപദവിയെന്ന അടുത്തകാലത്ത് വീണ്ടും ശക്തിയാർജ്ജിച്ച ചോദ്യങ്ങളുടെ മൂർച്ച കുറയ്ക്കാൻ രാജകുടുംബം പാലിക്കുന്ന രീതികളുടെ ഉദാഹരണം കൂടിയാകുന്നുണ്ട് ആൻഡ്രൂ വിഷയം കൈകാര്യം ചെയ്ത രീതി.
2025 ഒക്ടോബർ 30നായിരുന്നു ആൻഡ്രൂ രാജകുമാരന്റെ പദവികൾ, ബഹുമതികൾ പ്രവിലേജുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനുള്ള ഔപചാരിക പ്രക്രിയ ആരംഭിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചത്. ആൻഡ്രൂ ആൽബർട്ട് ക്രിസ്റ്റ്യൻ എഡ്വേർഡ് ഇനി 'ഹിസ് റോയൽ ഹൈനസ്' അല്ലെങ്കിൽ 'ആൻഡ്രൂ രാജകുമാരൻ' അല്ലായെന്ന് രാജകുടുംബം പ്രഖ്യാപിച്ചു. ഇനി മുതൽ ആൻഡ്രുവിൻ്റെ പേരിനൊപ്പം ചേർക്കുക മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്നായിരിക്കും. പുതിയ തീരുമാനത്തോടെ വിൻഡ്‌സറിലെ 30 മുറികളുള്ള രാജകീയ കൊട്ടാരത്തിൽ നിന്ന് ആൻഡ്രൂ പുറത്തായിരിക്കുകയാണ്. സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ രാജകുടുംബത്തിൻ്റെ സ്വകാര്യ സ്ഥലത്തായിരിക്കും ആൻഡ്രൂവിനെ പുനരധിവസിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് മാനദണ്ഡങ്ങൾക്കനുസരിച്ച് രാജകീയ പ്രവാസമാകും ആൻഡ്രൂവിന് ഒരുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

Comments
Post a Comment