വിയ്യൂർജയിലിൽ സുഖവാസം, നാല് മാസം കൊണ്ട് ഗോവിന്ദച്ചാമിക്ക് കൂടിയത് 18 കിലോ ശരീരഭാരം
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിലെ അഴികൾ മുറിച്ച് ചാടുന്നതിനായി കഠിനമായി ശരീരഭാരം കുറച്ച കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വിയ്യൂരിലെ അതിസുരക്ഷാ ജയിൽ ജീവിതം ‘സുഖവാസം’. ജയിൽ മാറ്റി ഏതാനും മാസങ്ങൾക്കുള്ളിൽ ഇയാളുടെ ശരീരഭാരം 18 കിലോഗ്രാം വർധിച്ചു. ജയിൽ അധികൃതരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഗോവിന്ദച്ചാമി തടിച്ചു കൊഴുത്തത്.
ഇയാളുടെ ശരീരഭാരം 55 കിലോയിൽനിന്ന് നിലവിൽ 73 കിലോഗ്രാമായാണ് ഉയർന്നത്.
സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി, 2024 ജൂലായിൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ചിരുന്നു. ഈ ലക്ഷ്യത്തോടെയാണ് ഇയാൾ ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. പത്ത് മാസക്കാലം ഉച്ചയ്ക്കും രാത്രിയും വെറും രണ്ട് ചപ്പാത്തി മാത്രമായിരുന്നു ഇയാൾ കഴിച്ചിരുന്നത്. ഈ കഠിനമായ ഡയറ്റിലൂടെ 74 കിലോ ഉണ്ടായിരുന്ന ഭാരം 55 കിലോയിലേക്ക് എത്തിച്ചു.
പള്ളിക്കുന്നിലെജയിൽ ചാടിയ ഇയാളെ നാല് കിലോമീറ്റർ അകലെയുള്ള തളാപ്പ് ബി.എസ്.എൻ.എൽ ഓഫീസിലെ കിണറ്റിൽനിന്ന് ഒളിച്ചിരിക്കവെ പിടികൂടിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽജീവിതം മടുത്തെന്നും, പരോളില്ലായ്മയും മോശം ഭക്ഷണവുമാണ് രക്ഷപ്പെടാൻ കാരണമെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് ഗോവിന്ദച്ചാമി പറഞ്ഞത്.
തുടർന്ന്, ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി ഏകാന്ത തടവിലാക്കുകയായിരുന്നു. എന്നാൽ, പുതിയ ജയിലിലെ ഭക്ഷണം മെച്ചപ്പെട്ടതോ അതോ കഠിന ശ്രമങ്ങളില്ലാത്ത ഏകാന്തതടവോ യാണ് ഭാരം വർധിക്കാൻ കാരണമായതെന്ന കാര്യത്തിൽ വ്യക്തതയില്ല.
പഴുതടച്ച സുരക്ഷയാണ് ഗോവിന്ദച്ചാമിക്ക് വിയ്യൂരിൽ ഒരുക്കിയിട്ടുള്ളത്. രണ്ടു വീതം വാർഡൻമാരാണ് ഇയാളുടെ സെല്ലിന് മുൻപിലൂടെ രാപകൽ ഭേദമില്ലാതെ റോന്തുചുറ്റുന്നത്. ജയിൽചാടുന്നത് ഒഴിവാക്കാൻ സെല്ലിൽ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജയിൽ വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. ഇതിന് ശേഷം സർക്കാർ ജയിൽ സുരക്ഷയെ കുറിച്ചു പഠിക്കുന്നതിനായി രണ്ടംഗ കമ്മിഷനെ നിയോഗിച്ചു റിപ്പോർട്ടുണ്ടാക്കിയെങ്കിലും കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Comments
Post a Comment