ആര് വീഴ്ത്തും?കോളയാട് പഞ്ചായത്തിൽ പൊടിപാറും നാത്തൂൻ പോര്




കൂത്തുപറമ്പ് :കോളയാട് ഗ്രാമപഞ്ചായത്ത് പാടിപ്പറമ്പിൽ പൊടി പാറുന്ന മത്സരം നടക്കുന്നത് നാത്തൂൻമാർ തമ്മിലാണ്. അതുകൊണ്ടു തന്നെ എൽഡിഎഫും യുഡിഎഫും മാറിമാറി ജയിക്കാറുള്ള വാർഡിലെ പോരാട്ടത്തിന് ഇത്തവണ വാശി കൂടുതലാണ്. ഇടതു മുന്നണിയിലെ കെ.വി. ശോഭനയും കോൺഗ്രസിലെ രൂപാ വിശ്വനാഥനുമാണ് നേർക്കുനേർ മത്സരം. രൂപയുടെ ഭർത്താവ് വിശ്വനാഥന്റെ സഹോദരിയാണ് കെ.വി. ശോഭന.

കോൺഗ്രസ് കുടുംബത്തിൽനിന്നാണ് ശോഭന വരുന്നതെങ്കിലും ഭർത്താവ് സിപിഎമ്മാ യതിനാൽ വിവാഹശേഷം ശോഭനയും സിപിഎമ്മിൽ പ്രവർത്തിക്കുകയായിരുന്നു. ശോഭനയുടെ ഭർത്താവിന്റെ രണ്ട് സഹോദരൻമാരിൽ ഒരാളായ പ്രഭാകരൻ ഇതിനിടെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. സുരേന്ദ്രനും വിശ്വനാഥനും മാത്രമാണ് കോൺഗ്രസിൽ തുടരുന്നത്. സ്ഥാനാർഥിയാകുന്ന കാര്യം വിശ്വനാഥനെ അറിയിച്ചിരുന്നുവെന്ന് ശോഭന പറഞ്ഞു. എന്നാൽ ആ സമയത്ത് രൂപ മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. അതിനാൽ സ്ഥാനാർഥിയാകുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയി.

പിന്നീട് രൂപയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. രൂപ മത്സരിക്കുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മത്സരത്തിനിറങ്ങില്ലായിരുന്നുവെന്ന് ശോഭന പറഞ്ഞു. ‘‘കുടുംബ ബന്ധത്തെ മത്സരം ഒരു തരത്തിലും ബാധിക്കുന്നില്ല. പ്രചാരണത്തിനു പോകുമ്പോഴും പരസ്പരം കാണാറുണ്ട്. എങ്കിലും കടുത്ത മത്സരമാണ് നടക്കുന്നത്’’ – ശോഭന പറഞ്ഞു. കുടുംബശ്രീ പ്രവർത്തന രംഗത്തുനിന്നാണ് ശോഭന വരുന്നത്. ആദ്യമായാണു മത്സരിക്കുന്നത്. ഭർത്താവ് സത്യനാഥൻ വ്യാപാരിയാണ്. മക്കൾ രണ്ടുപേരും ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്.മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡന്റായ രൂപ ഇരിട്ടിയിൽ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. പേരാവൂർ ബ്ലോക്കിലെ ആലച്ചേരി ഡിവിഷനിൽ 2020ൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കോൺഗ്രസ് അനുഭാവിയായ ഭർത്താവ് വിശ്വനാഥൻ കെഎസ്എഫ്ഇയിൽ കലക്‌ഷൻ ഏജന്റാണ്. തിരഞ്ഞെടുപ്പ് കുടുംബ ബന്ധത്തെ ബാധിക്കുന്ന കാര്യമല്ലെന്ന് രൂപയും പറഞ്ഞു. ഇരുമുന്നണികളും സജീവമായി പ്രവർത്തനം നടത്തുന്നുണ്ട്. ജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നും രൂപ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം