കാസർകോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും



കാസര്‍കോട്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്. തുടര്‍ച്ചയായി 45 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി, 50 വര്‍ഷത്തിലേക്ക് കടക്കുന്ന മധൂര്‍ പഞ്ചായത്തില്‍ മുന്‍ വൈസ്പ്രസിഡന്റായിരുന്ന സുജ്ഞാനി ഷാന്‍ബോഗ് പ്രസിഡന്റായും വൈസ് പ്രസിഡന്റായി ഭാനുപ്രകാനും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. പതിനഞ്ച് അംഗങ്ങളുടെ വോട്ട് ബിജെപിക്കും 9 അംഗങ്ങള്‍ യുഡിഎഫിനും വോട്ട് ചെയ്തു. കാറഡുക്ക പഞ്ചായത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ ബരണ സമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന എം.ജനനി പ്രസിഡന്റായും  ദാമോദര വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് എട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു. മൂന്ന് സീറ്റുള്ള എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. കുമ്പഡാജെ പഞ്ചായത്തില്‍ യുഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തു. എം.യശോധ പ്രസിഡന്റായും വൈസ് പ്രസിഡന്റായി രവീന്ദ്രറായ് ഗോസാഡ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 7 വോട്ടുകളും യുഡിഎഫിന് 6 വോട്ടുകളും ലഭിച്ചു. സിപിഎമ്മിലെ ഒരംഗം വിട്ട് നിന്നു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ബെള്ളൂര്‍ പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപി, 2 സ്വാതന്ത്രന്‍മാരുടെ പിന്തുണയോടെ ഭരണത്തിലെത്തി. പ്രസിഡന്റായി എ.മാലിനിയും വൈസ് പ്രസിഡന്റായി സി.വി.പുരുഷോത്തമയും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇവിടെ യുഡിഎഫും എല്‍ഡിഎഫും ഇന്‍ഡി സംഖ്യമായിട്ടാണ് മത്സരിച്ചത്. എല്‍ഡിഎഫിലെ ചൈത്ര പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ യുഡിഎഫിലെ സിദ്ദീഖ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഭരണം പിടിക്കാനായില്ല. ബിജെപിക്കും യുഡിഎഫിനും തുല്യ ബലമുള്ള ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിച്ചു. 25 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്തംഗമായിട്ടുള്ള ഡി.ശങ്കര പ്രസിഡന്റായും ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ കെ.എം.അശ്വിനി വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ഒരു സീറ്റുള്ള എല്‍ഡിഎഫ് വിട്ടുനിന്നു. കക്ഷിനില: ബിജെപി 10, യുഡിഎഫ് 10.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം