ജെൻസി കൾക്ക് രാഷ്ട്രീയം വേണം:ദിയ
കോട്ടയം: ജെൻസി തലമുറയ്ക്ക് കൃത്യമായ രാഷ്ട്രീയബോധ്യം വേണമെന്ന് പാലാ നഗരസഭയുടെ നിയുക്ത ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം. രാഷ്ട്രീയം നമ്മുടെ നിത്യജീവിതത്തിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും അത് എല്ലാവരും മനസിലാക്കണമെന്നും ദിയ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. പാലാ നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാകും താൻ ഊന്നൽ നൽകുക എന്നും ദിയ വ്യക്തമാക്കി.
'ഈ തലമുറയ്ക്കുൾപ്പെടെ എല്ലാവർക്കും രാഷ്ട്രീയം വേണം. നമ്മളെ ബാധിക്കുന്നില്ല എന്നുപറഞ്ഞ് ഒരിക്കലും മാറിനിൽക്കരുത്. നിലപാടില്ല എങ്കിൽ പോലും നമ്മളെ രാഷ്ട്രീയം ബാധിക്കുന്നുണ്ട് എന്ന് മനസിലാക്കണം. ജെൻസിയുടെ ചിന്താഗതി മാറിയിട്ടുണ്ടാകാം. പക്ഷെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ദാരിദ്ര്യം ഉണ്ടാകാതെയിരിക്കുക, കുടിവെള്ള വിതരണം, റോഡ് നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നൽ നൽകുക'; ദിയ പുളിക്കക്കണ്ടം പറഞ്ഞു. പരിചയസമ്പത്തുള്ളവർ കൂടെയുണ്ട് എന്നത് വലിയ ധൈര്യമാണെന്നും പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.

Comments
Post a Comment