ഊർജ കാര്യക്ഷമത സൂചികയിൽ കേരളത്തിന് ഒന്നാം റാങ്ക്
ന്യൂഡൽഹി :ഊർജ്ജ സംരക്ഷണത്തിൽ കേരളത്തിന്റെ സമഗ്ര സമീപനത്തിന് ദേശീയ അംഗീകാരം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക് ലഭിച്ചു. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ ഇന്ന് നടന്ന ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കാർഷിക മേഖല, വൈദ്യുത വിതരണ രംഗം, ഗതാഗതം, വ്യവസായ മേഖല, വൻകിട കെട്ടിടങ്ങൾ, ഗാർഹിക മേഖല തുടങ്ങി വിവിധ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തിയാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മേഖലകളിൽ ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും പ്രവർത്തനങ്ങളും പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായകമായി.

Comments
Post a Comment