സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേനെ സൈബർ തട്ടിപ്പ് ശ്രമം:ഡോക്ടർ ദമ്പതികളെ കണ്ണൂർ സൈബർ പൊലിസ് രക്ഷപ്പെടുത്തി




കണ്ണൂർ:  സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാജ ഫോൺ കോൾ നടത്തി ഡോക്ടർ ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ സമയബന്ധിത ഇടപെടലിലൂടെ പരാജയപ്പെടുത്തി.ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും തുടർന്ന് നടപടികളുടെ ഭാഗമായി ലൈവ് വാട്സ്ആപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നുമുള്ള കോൾ ആയിരുന്നു ലഭിച്ചത്. വീഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സി.ബി.ഐ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞുകൊണ്ട് വീഡിയോ കോളിൽ വന്ന് സംഭവം നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നൽകണമെന്നും അറിയിച്ചു.അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയോടെയും മാനസിക സമ്മർദ്ദം ചെലുത്തിയുമായിരുന്നു സംഘം സംസാരിച്ചത്.

സംശയം തോന്നിയതിനെ തുടർന്ന് ദമ്പതികൾ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പോലീസ് നൽകിയ കൃത്യമായ നിർദ്ദേശങ്ങളനുസരിച്ച് ഇടപെടൽ നടത്തുകയും ചെയ്തതോടെ തട്ടിപ്പ് സംഘത്തെ ഒഴിവാക്കാൻ സാധിച്ചു. പണം കൈമാറുന്നതിനു മുൻപ് തട്ടിപ്പ് ശ്രമം തടയാനായത് ആശ്വാസകരമായി. നിലവിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ഇത്തരം വ്യാജ ഫോൺ, വീഡിയോ കോളുകളോട് അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് അറിയിച്ചു. സർക്കാർ ഏജൻസികൾ ഒരിക്കലും വീഡിയോ കോളിലൂടെ ബാങ്ക് വിവരങ്ങളോ ഒ.ടി.പികളോ ആവശ്യപ്പെടില്ലെന്നും ഇത്തരം ആവശ്യങ്ങൾ വന്നാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ സമീപത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം