വിധിയിൽ അത്ഭുതമില്ല: കോടതിയിലുള്ള വിശ്വാസം നഷ്ടമായെന്ന് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.
കുറിപ്പിൽ പറയുന്നത്
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എൻ്റെ പെഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.

Comments
Post a Comment