ജാമ്യപേക്ഷ തള്ളി : രാഹുൽ ഈശ്വർ റിമാൻഡിൽ

 

കൊച്ചി:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. പീഡനപരാതി നൽകിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച രാഹുൽ ഈശ്വർ റിമാൻഡിൽ. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യേപേക്ഷ തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും. ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സൈബർ അധിക്ഷേപ കേസിലെ മറ്റൊരു പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമപരമല്ലെന്നും, യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്. നോട്ടീസ് നൽകിയിട്ടും കൈപ്പറ്റാതിരുന്ന പ്രതി ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷനും വാദിച്ചു. രാഹുലിന്‍റെ ലാപ് ടോപ്പിൽ നിന്നും പെണ്‍കുട്ടിയുടെ ചിത്രമുള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ പതിവായി ചെയ്യുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദത്തിന് ശേഷം മജിസ്ട്രേറ്റ് ചേമ്പറിൽ വീഡിയോ പരിശോധിച്ച ശേഷം വിധി പ്രസ്താവിച്ചത്. അന്വേഷണം നടക്കുമ്പോള്‍ രാഹുൽ ഇത്തരം വീഡിയോ ചെയ്തത് നീതികരിക്കാൻ കഴിയില്ല. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കുറ്റം കൃത്യം പ്രാഥമികമായി വ്യക്തമാക്കുന്നു. ജാമ്യം നൽകിയാൽ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് എസിജെഎമ്മിന്‍റെ വിധിയിൽ പറയുന്നു.അതേസമയം, രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം