ചിലത് കേട്ടപ്പോൾ ചിരിവന്നു; ഉച്ച 12 മണി കാണിച്ച് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാലും അംഗീകരിക്കില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ

 



കണ്ണൂര്‍: പാര്‍ട്ടി ആരോപണങ്ങള്‍ തള്ളിയും ഫണ്ട് ക്രമക്കേടില്‍ ഉറച്ചും വി കുഞ്ഞികൃഷ്ണന്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളൊന്നുമില്ലെന്നും ചിലത് കേട്ടപ്പോള്‍ ചിരിയാണ് ഉള്ളാലെ വന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്‌തേനെ. ഏത് ചാനലില്‍ അഭിമുഖം നല്‍കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെയായിരിക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ച കെ കെ രാഗേഷിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രതികരണം.

മുൻ സംസ്ഥാന സെക്രട്ടറികോടിയേരിയെ ഉദ്ധരിച്ചാണ് ഇന്ന് ഒട്ടേറെ കാര്യങ്ങള്‍ കെ കെ രാഗേഷ് സൂചിപ്പിച്ചത്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാന്‍ വി കുഞ്ഞികൃഷ്ണന് സാധിക്കില്ലായെന്ന് ഏതെങ്കിലും ഒരാള്‍ക്ക് ആത്മനിഷ്ടമായി തോന്നിയാല്‍ മതിയോ. അങ്ങനെ കൊണ്ടുപോകുന്നതില്‍ എന്ത് വീഴ്ചയാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പാര്‍ട്ടി ബോധ്യപ്പെടുത്തേണ്ടേ. അങ്ങനെയൊരു ബോധ്യപ്പെടുത്തലോ ചര്‍ച്ചയോ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. വി കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ജില്ലാ കേന്ദ്രത്തില്‍ തീരുമാനിച്ച് ഇവിടെ വന്നുപറയുകയായിരുന്നു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് രാഗേഷ് വിശദീകരിച്ചു. എന്നാല്‍ ഏരിയാ സെക്രട്ടറിയായ തന്നെ മാറ്റുന്നത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏരിയാ കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ 17 പേരും മാറ്റാന്‍ പാടില്ലെന്ന് പറഞ്ഞതാണ്. തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറായോ?', വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.



ഫണ്ട് സംബന്ധിച്ച് അടക്കം വിശദീകരണവും കണക്കും അംഗീകരിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കമ്മിറ്റിയില്‍ തന്നെ നിലപാട് വ്യക്തമാക്കി മാറി നിന്നത്. അവസാനനിമിഷം നേതൃത്വം സമീപിച്ച് മാറിനില്‍ക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ജനാധിപത്യകേന്ദ്രീകരണത്തെക്കുറിച്ച് എം വി ജയരാജന്‍ വിശദീകരിച്ചപ്പോള്‍ 'ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണെന്ന് എം വി ജയരാജന്‍ പറഞ്ഞാല്‍ അത് അംഗീകരിച്ചുപോകാന്‍ എല്ലാവരെയും കിട്ടില്ല' എന്ന് ഞാന്‍ കമ്മിറ്റിയില്‍ പറഞ്ഞു. ഇല്ലാത്ത കാര്യം അടിച്ചേല്‍പ്പിക്കലല്ല ജനാധിപത്യ കേന്ദ്രീകരണം. വസ്തുതകളെക്കുറിച്ച് പരിശോധിച്ച് തീരുമാനമെടുക്കലാണെന്നും വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരിൽ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം