ആന്തൂരിൽ നടക്കുന്നതദ്ദേശദിനാഘോഷം 2026: ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ :2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. നിയമസഭാ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് ലോഗോ കൈമാറിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. ലോഗോ പ്രകാശന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ അപൂർവ്വ ത്രിപാഠി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരൻ മലപ്പുറം പൊൻമല ഗ്രാമപഞ്ചായത്തിലെ ക്ലർക്കായ മേതി മുഹമ്മദാണ് ലോഗോ ഡിസൈൻ ചെയ്തത്. ലോഗോ ഡിസൈൻ ചെയ്തതിനുളള പുരസ്ക്കാരം തദ്ദേശദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. കണ്ണൂർ ആന്തൂർ നഗരസഭയിലെ ധർമ്മശാല കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടാണ് ഈ വർഷത്തെ തദ്ദേശ ദിനാഘോഷത്തിന്റെ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഫിബ്രവരി 13 മുതൽ 19 വരെ ഹാപ്പിനസ് ഫെസ്റ്റിവൽ എന്ന പേരിൽ അനുബന്ധ പരിപാടികളും കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ചിട്ടുണ്ട്.

Comments
Post a Comment