യൂറോപ്യൻ വിപണിയിൽ നിന്നുള്ള 97% ഉത്പന്നങ്ങൾക്കും വില കുറയും, ഇന്ത്യയിൽ നിന്നുള്ള 99% ഉത്പന്നങ്ങളും കരാർ പരിധിയിൽ; വലിയ നേട്ടമെന്ന് വാണിജ്യമന്ത്രി
ന്യൂഡൽഹി :പ്രധാനമന്ത്രി 'മദർ ഓഫ് ഓൾ ഡീൽസ്' എന്ന് വിശേഷിപ്പിച്ച കരാർ പ്രകാരം, 99% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും യൂറോപ്യൻ വിപണിയിൽ നേട്ടമുണ്ടാകും. യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ കുറയുന്നതോടെ ഇന്ത്യയിൽ വിലക്കുറവുണ്ടാകുമെന്നും വാണിജ്യമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി
ദില്ലി: ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാർ ലോകവ്യാപാരത്തിന്റെ 25 ശതമാനത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിന്റെ പരിധിയിൽ വരുമെന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും. ഇന്ത്യയിലെ ജ്വല്ലറി മുതൽ സ്പോർട്ട് സാമഗ്രികളുടെ നിർമ്മതാക്കൾക്ക് വരെ കരാർ നേട്ടമുണ്ടാക്കുമെന്ന് പീയൂഷ് ഗോയൽ വിവരിച്ചു. വാണിജ്യ രംഗത്തെ വലിയ മാറ്റങ്ങൾക്കൊപ്പം പ്രതിരോധ സഹകരണ മേഖലയിലും ഈ കരാർ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യൻ വിപണിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങൾക്കും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 2030 വരെയുള്ള ദീർഘകാല സഹകരണം ഉറപ്പാക്കുന്ന തരത്തിലാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഉത്തേജനത്തിന് പുറമെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഉടമ്പടി സഹായിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി യൂറോപ്പ് മാറുന്നതിന്റെ തുടക്കമാണിതെന്നും വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

Comments
Post a Comment