അഭിമുഖത്തിന് പിന്നാലെ അണികൾ നേതൃത്വത്തെ തിരുത്തട്ടെയെന്ന തലക്കെട്ടിൽ പുസ്തകവും. വി. കുഞ്ഞികൃഷ്ണനെ തള്ളാനും കൊള്ളാനുമാവാതെ സി.പി എം




കണ്ണൂർ:സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ചപാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ്റെ പുസ്തകം വരുന്നു. നേതൃത്വത്തെ അണികൾ തിരുത്തട്ടെയെന്ന പുസ്തകം അടുത്ത് തന്നെ പ്രകാശിതമാകുമെന്ന് വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല. പാർട്ടി ഫണ്ട് തിരിമറിയിൽ പയ്യന്നൂർ എംഎൽഎക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.തന്റെ പുസ്തകത്തിൽ പാർട്ടിക്കുള്ളി തെറ്റായ പ്രവണതകൾ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും പുസ്തകത്തിന് പാർട്ടി നേതൃത്വത്തിനോട് അനുമതി ചോദിക്കാതിരുന്നത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്നെ ആക്രമിക്കുമെന്ന് ചിലർ തന്നോട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാനുള്ള പരിശ്രമം ഉണ്ടാക്കിയിട്ടില്ല. വിമർശമനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ ജീവവായു. സി പി ഐ എം വിട്ട് മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിടി ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് നടത്തി. ‌കെട്ടിട നിർമ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനൻ വ്യാജമായി നിർമ്മിച്ചു. കെട്ടിട നിർമ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.ക്രമക്കേട് സംബന്ധിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. എം.വി ഗോവിന്ദനോടും കോടിയേരിയോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിച്ചു, ആരോപണ വിധേയരെ സംരക്ഷിച്ചു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നതെന്നും നടപടിയെ ഭയപ്പെടുന്നില്ലെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ വി. കുഞ്ഞികൃഷ്ണൻ്റെ അഭിമുഖത്തെ അടിസ്ഥാനരഹിതമാണെന്ന് തള്ളികളയുമ്പോഴും അദ്ദേഹത്തിനെതിരെ സംഘടനാ അച്ചടക്കനടപടി സിപിഎം പ്രഖ്യാപിച്ചിട്ടില്ല വലതുപക്ഷ മാധ്യമങ്ങളുടെ കോടാലികൈയ്യാണ് വി. കുഞ്ഞികൃഷ്ണനെന്ന് കുറ്റപ്പെടുത്തുമ്പോഴും പയ്യന്നൂരിലെ പാർട്ടിയിലെ വലിയൊരു വിഭാഗം അണികളും പ്രവർത്തകരും അദ്ദേഹത്തെ പിൻതുണയ്ക്കുന്നതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്.പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഎം നേതൃത്വംതിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ രംഗത്തുവന്നത്. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎയായ ടി ഐ മധുസൂദനൻ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ‘തന്റെ മുന്നിൽ ആദ്യമായി വരുന്നത് ധൻരാജ് രക്തസാക്ഷി ഫണ്ടല്ല. ധൻരാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വർഷം തന്നെ ഫണ്ട് പിരിക്കാൻ തീരുമാനിച്ചു. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരാൾ കൊല ചെയ്യപ്പെടുമ്പോൾ ആ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്നാണ് പാർട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയിൽ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിർമിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.’2017 ഡിസംബർ 8,9 തിയ്യതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പിന്നീട് ധൻരാജിൻ്റെ കുടുംബത്തിനുള്ള വീട് നിർമാണമുൾപ്പെടെ നടന്നെങ്കിലും 2021 വരെയുള്ള കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് ‍താൻ പാർട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ൽ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകൾ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാൻ തന്നെ ഏൽപ്പിച്ചിരുന്നു. അതിൽ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധൻരാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവിൽ 10 ലക്ഷത്തിലേറെ തുക ചിലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്’. വീട് നിർമാണത്തിന്റെ കണക്കുകൾ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. എന്നാൽസി.പി.എം പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായവി.കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. 2021 ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും, കമ്മീഷന്‍റെ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ പുതിയ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങള്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ അന്വേഷിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്. എട്ടു മാസങ്ങള്‍ക്ക് മുമ്പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ എനിക്ക് തെറ്റുപറ്റിയെന്ന് വി. കുഞ്ഞികൃഷ്ണന്‍ തുറന്ന് പറഞ്ഞതുമാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി. കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്‍റെ പ്രവർത്തനം. പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്‍റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ അതത് കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചര്‍ച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്‍റെ പ്രതികരണം അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടി തള്ളിക്കളയുന്നുവെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം