പാനൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
തലശേരി :പാനൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാര മോഷണം നടത്തിയ മോഷ്ടാവ് അറസ്റ്റിൽ.നാദാപുരം സ്വദേശിയായ കുഞ്ഞിക്കണ്ടി അബ്ദുള്ള (60)യാണ് പിടിയിലായത്.. പാനൂർ സി.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗ്ളൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്‌ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി പാനൂർ പരിസരത്തെ നിരവധി ആരാധനാലയങ്ങളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. മിക്കയിടങ്ങളിലും ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് കാണിക്കപണം കവർന്നിരുന്നത്.
പാനൂരിന് പുറമെ എടച്ചേരി, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കെതിരെ സമാനമായ മോഷണക്കേസുകളുണ്ട്. വിവരമറിഞ്ഞ് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പാനൂരിലെത്തി തെളിവെടുപ്പ് നടത്തി.. എസ്.ഐ പി.ആർ. ശരത്ത്, എ.എസ്.ഐ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments
Post a Comment