അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി; രേഖകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം
കണ്ണൂർ :അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. രേഖകൾ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങൾ (help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐ.റ്റി. വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

Comments
Post a Comment