സംസ്ഥാന പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം: മുഖ്യമന്ത്രി പിണറായി വിജയൻതലശ്ശേരിയിൽ നോളജ് റിപ്പോസിറ്ററി സെന്റർ ഉദ്ഘാടനം ചെയ്തു




തലശേരി :കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകി പോലീസ് സ്റ്റേഷൻ എന്ന പഴയ സങ്കൽപം തന്നെ മാറിയ കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് സേനയുടെ പ്രൊഫഷണൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും സേനയെ ആധുനിക വൽക്കരിക്കുന്നതിനുമായി തലശ്ശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ സജ്ജമാക്കിയ അത്യാധുനിക 'നോളജ് റിപ്പോസിറ്ററി സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 


സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ അടിസ്ഥാന സൗകര്യങ്ങളിൽ അഭിമാനകരമായ മാറ്റങ്ങളാണുണ്ടായത്. ഇന്ന് പരാതിയുമായി വരുന്നവർക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകുന്നതോടൊപ്പം അവരെ സഹായിക്കാൻ ഹെൽപ് ഡെസ്‌ക് സൗകര്യങ്ങളുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


30 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പോലീസ് സംവിധാനത്തെ ആധുനികവത്കരിക്കുന്നതിനും സേനാംഗങ്ങൾക്കിടയിൽ നിരന്തരമായ വിജ്ഞാന വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ വികസനത്തിന് ആവശ്യമായ ഗവേഷണ-പരിശീലന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. നിയമ പുസ്തകങ്ങൾ, മാന്വലുകൾ, ഗവേഷണ പ്രബന്ധങ്ങൾ, പ്രധാന കേസുകളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ വിവരശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിയമപരമായ മാന്വലുകൾക്കും പോലീസ് നടപടിക്രമങ്ങൾക്കുമായി പ്രത്യേക ലൈബ്രറി വിഭാഗവും പഴയ കേസുകൾ പഠിക്കാനും കുറ്റകൃത്യങ്ങളുടെ രീതികൾ വിശകലനം ചെയ്ത് പുതിയ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കാനും സഹായിക്കുന്ന റിസർച്ച് ആൻഡ് റഫറൻസ് വിഭാഗവും ഇതിന്റെ പ്രത്യേകതയാണ്. പരിശീലന മൊഡ്യൂളുകൾ, റഫറൻസ് ഗൈഡുകൾ, വർക്ക്‌ഷോപ്പുകൾക്കും ചർച്ചകൾക്കുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങൾ എന്നിവയും സെന്ററിലുണ്ട്. ചരിത്രരേഖകൾ, പ്രധാന കേസ് ഫയലുകൾ തുടങ്ങിയവ വരുംകാല ഗവേഷണങ്ങൾക്കും നയരൂപീകരണത്തിനുമായി സുരക്ഷിതമായി സൂക്ഷിക്കുന്ന ആർക്കൈവൽ വിഭാഗവും പദ്ധതിയുടെ ഭാഗമാണ്. ഉദ്യോഗസ്ഥർക്കിടയിൽ അറിവ് പങ്കുവെക്കാനും നൂതനമായ പോലീസ് രീതികളെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള ഒരു പൊതുഇടമായും ഈ കേന്ദ്രം പ്രവർത്തിക്കും.


രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വാർഡ് കൗൺസിലർ ഷഹനാസ് മൻസൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, ഉത്തര മേഖല ഐ.ജി.പി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, കൂത്തുപറമ്പ് എ.സി.പി എം.പി ആസാദ്, കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി സജേഷ് വാഴളാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം