വീണ്ടും സുരക്ഷാ വീഴ്ച്ച :കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി




കണ്ണൂർ : പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉല്പ‌ന്നങ്ങളും പിടികൂടി

ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് രണ്ടു കുപ്പി മദ്യവും ഹാൻസ് ഉൾപ്പെടെ പുകയില വസ്‌തുക്കളും കണ്ടെത്തിയത് ഇതു സഞ്ചിയിലാക്കി പുറത്ത് നിന്ന് മതിലിന് മുകളിലൂടെ സഞ്ചിയിലാക്കിഎറിഞ്ഞ് കൊടുത്തതാണെന്ന് സംശയിക്കുന്നു ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നേരത്തെ നടത്തിയ റെയ്ഡിൽ കഞ്ചാവും മദ്യവും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.

ഇതിന് മുന്‍പും സമാനമായ സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും ജയില്‍ ആശുപത്രിയുടെ മതിലിന് പിറകിലുള്ള ശുചിമുറിക്ക് അടുത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജയില്‍ അധികൃതരുടെ തുടര്‍ച്ചയായ വീഴ്ചയാണ് വിലയിരുത്തപ്പെടുന്നത്. മാസങ്ങൾക്ക് മുൻപ് ഗോവിന്ദച്ചാമിജയിൽ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. ജയിൽ മതിലിന് മുകളിലൂടെ കഞ്ചാവും മദ്യവും എറിഞ്ഞു കൊടുത്ത കേസിൽ മൂന്ന് പേരെ പിടികൂടിയിരുന്നുവെങ്കിലും ജയിലിലേക്കുള്ള ലഹരി ഒഴുക്ക് പൂർണമായും തടയാൻ ഇനിയും കഴിഞ്ഞിട്ടില്ല

കണ്ണൂർസെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകൾക്കെല്ലാം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയിൽ‌ ഡിഐജി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു..‌ ഇത്തരം കെട്ടിടങ്ങൾ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് കാരണമായെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ10 പഴയ ബ്ലോക്കുകളും ഒരു പുതിയ ബ്ലോക്കുമാണുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ ബ്ലോക്കുകളുടെ ഓടുമേഞ്ഞ മേൽക്കൂരയിൽ ചോർച്ച കാരണം പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയിട്ടുണ്ട്. കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കും ജീർ‌ണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതിൽ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പർ ജയാനന്ദൻ ഇതേ പത്താംനമ്പർ ബ്ലോക്കിൽനിന്ന് തടവ് ചാടിയിരുന്നു.

കഴിഞ്ഞവർഷം കനത്ത മഴയിൽ ജയിലിന്റെ കിഴക്കുഭാഗത്തുള്ള മതിൽ തകർന്നുവീണിരുന്നു. ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം അന്ന് നിർത്തിവെച്ചതാണ്. ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ യഥാസമയം പരിശോധിക്കുന്നുമില്ല.

ജയിൽചട്ടങ്ങൾ ലംഘിച്ച് വ്യായാമത്തിന്റെ മറവിൽ തടവുകാരുടെ കൂട്ടനടത്തവും സുരക്ഷാഭീഷണിയാകുന്നു. ആവശ്യമുള്ളവർക്ക് പാർപ്പിച്ച സെല്ലുകളിൽ വ്യായാമം നടത്താനേ ജയിൽച്ചട്ടം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയത്തടവുകാരുൾപ്പെടെ 50-ഓളം പേരാണ് പ്രഭാതസവാരി നടത്തുന്നത്. നടത്തത്തിനിടയിലുള്ള സംസാരത്തിലൂടെ ജയിൽ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തുന്നതായുള്ള വിവരവും കിട്ടിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം