രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: പ്രതിഷേധങ്ങളെ പയ്യന്നൂർ എംഎൽഎ ഗുണ്ടകളെ ഇറക്കി നേരിടുന്നുവെന്ന് മാർട്ടിൻ ജോർജ്
പയ്യന്നൂർ: രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് ജോർജ് പറഞ്ഞു. ഫണ്ടിലെ വെട്ടിപ്പ് തുറന്നുപറഞ്ഞത് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞി കൃഷ്ണനാണ്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത ലക്ഷങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സിപിഎം നേതാവിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ടി.ഐ മധുസൂദനൻ എംഎൽഎയുടെ ഗുണ്ടകളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ഉത്തരം മുട്ടിയ സിപിഎം നേതൃത്വം പ്രതിഷേധങ്ങളെ അമർച്ച ചെയ്യാൻ ക്രിമിനൽ സംഘങ്ങളെ രംഗത്തിറക്കുകയാണ്. പയ്യന്നൂരിലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. ഈ ക്രിമിനലുകൾ നിയമസംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്. പോലീസ് നോക്കി നിൽക്കുമ്പോഴാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനത്തെ ആക്രമിച്ചത്. എംഎൽഎക്കെതിരെ ശബ്ദമുയർന്നാൽ ഏത് രീതിയിലായിരിക്കും അതിനെ നേരിടുക എന്ന മുന്നറിയിപ്പാണ് സിപിഎം നൽകിയത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം നേതാവ് കുഞ്ഞികൃഷ്ണനു കൂടിയുള്ള മുന്നറിയിപ്പാണ് ഈ ക്രിമിനൽ സംഘം നൽകിയിരിക്കുന്നത്. പയ്യന്നൂർ എംഎൽഎയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘം എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ആയുധങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അഴിമതി ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം ആരോപണമുന്നയിക്കുന്നവരെ കായികമായി നേരിടാം എന്നാണോ എംഎൽഎയും കൂട്ടരും കരുതുന്നത് ? പയ്യന്നൂരിൽ മാരകായുധങ്ങളുമായി കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഗുണ്ടകളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്ന പയ്യന്നൂർ എംഎൽഎയുടെയും കൂട്ടരുടെയും ചിന്ത മാറ്റിവയ്ക്കുന്നതാണ് നല്ലത്. നാളെ ജനകീയ കോടതിയിൽ ഇതിന് സമാധാനം പറയേണ്ടി വരുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റു പയ്യന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ പി നാരായണൻ, എ രൂപേഷ് ,കെ ടി ഹരീഷ്, പി രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു.

Comments
Post a Comment