മൂന്നാമത് എ എന്‍ രാജന്‍ പുരസ്കാരം താവം ബാലകൃഷ്ണന് നൽകും
കണ്ണൂര്‍: പ്രമുഖ തൊഴിലാളി നേതാവും എഐടിയുസി മുന്‍ സംസ്ഥാന നേതാവുമായിരുന്ന എ എന്‍ രാജന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മൂന്നാമത് എ എന്‍ രാജന്‍ അവാര്‍ഡ് പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് താവം ബാലകൃഷ്ണന് നല്‍കും. 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ്. ഈ മാസം 25 ന് ആലപ്പുഴയില്‍ നടക്കുന്ന ഐ ടി ആന്റ് അലൈഡ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംഘടനയുടെ മൂന്നാമത് ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് എഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പുരസ്കാരം സമര്‍പ്പിക്കും.എ എന്‍ രാജന്റെ മകന്‍ ഉണ്ണിരാജന്‍ ചടങ്ങില്‍ സംബന്ധിക്കും.
കണ്ണൂര്‍ ജില്ലയിലെ താവം സ്വദേശിയായ ബാലകൃഷ്ണന്‍ പതിമൂന്നാം വയസിലാണ് പഠനം ഉപേക്ഷിച്ച് നെയ്ത്തുതൊഴിലാളിയാകുകയും പിന്നീട് പൊതുരംഗത്ത് പ്രവേശിക്കുകയും ചെയ്തത്. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് തുടങ്ങിയ സംഘടനാപ്രവര്‍ത്തനത്തെ തുടര്‍ന്ന് അദ്ദേഹം പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവ ശ്രദ്ധ കേന്ദ്രീകരിച്ച താവം ബാലകൃഷ്ണന്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. ഒരു കാലഘട്ടത്തിലെ കണ്ണൂരിന്റെ സംഘടിത വ്യവസായ മേഖലയായ വളപട്ടണത്ത് കേന്ദ്രീകരിച്ച് നടത്തിയ എണ്ണമറ്റ സമരങ്ങളുടെ ഭാഗമായിരുന്ന താവം ബാലകൃഷ്ണന്‍ നിരവധി വര്‍ഷം നക്സല്‍ പ്രവര്‍ത്തനത്തിന്റെയും പ്രക്ഷോഭസമരങ്ങളുടെയും ഫലമായി ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. നിലവില്‍ ഒട്ടേറെ യൂണിയനുകളുടെ നേതൃസ്ഥാനം വഹിക്കുന്ന അദ്ദേഹം ഇന്നും സംഘടനാരംഗത്ത് സജീവമാണ്. രാധയണ് ഭാര്യ. ബിന്ദു, ഇന്ദു, സിന്ധു എന്നിവര്‍ മക്കളാണ്.

Comments
Post a Comment