ശബരിമല സ്വർണപ്പാളി കവർച്ചാ കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് ബിനോയ് വിശ്വം




കണ്ണൂർ: ശബരിമല സ്വർണ പാളി മോഷണ കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫീസേർസ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകൾ മറക്കാനുള്ള ആവരണമല്ല ചുവപ്പ് കൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.

യഥാർത്ഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതു പക്ഷം മുന്നോട്ട് പോകും. യഥാർത്ഥ വിശ്വാസികളെയും വിശ്വാസങ്ങളെയും അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മാനിക്കാനുളള ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട്. നാടിന്റെ ഭാവി എന്തായിരിക്കും എന്ന് പറയേണ്ടത്  രാഷ്ട്രീയക്കാരോ കനഗോലുവോ മാധ്യമ തമ്പുരാക്കളോ അല്ല മറിച്ച് ജനങ്ങളാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ജനങ്ങളുടെ മുന്നറിയിപ്പാണ്. അത് വിനയപൂർവ്വം ഇടതുപക്ഷം കാണണം.  എൽഡിഎഫിലാണ് പ്രതീക്ഷയെന്നും അതു കൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നതാണ് ജനങ്ങൾ എൽഡി എഫിനോട് ആവശ്യപ്പെടുന്നത്. സംഭവിച്ച കാര്യങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി എൽഡി എഫ് മുന്നോട്ട് പോകുകയാണ്. ആ മുന്നോട്ട് പോക്കിനെ കുറിച്ചാണ് ഓരോ കക്ഷികളും ചർച്ച ചെയ്ത്  പോകുന്നത്. അങ്ങനെ പോകുമ്പോൾ എൽഡിഎഫ് ജനഹിതത്തിന് അനുസൃതമായി കേരളത്തിൽ  മൂന്നാം ഊഴവും അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഭരണമാറ്റം  അഥവാ ഉണ്ടായാൽ കെ ജി ഒ എഫിലെ എല്ലാവരും കെ ജി ഒ എഫിൽ തന്നെയുണ്ടാവണമെന്നാണ് കമ്മ്യുണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നത്. ഇപ്പോൾ പാർട്ടിയോടും മുന്നണിയോടും കാണിക്കുന്ന സ്നേഹ പ്രകടനങ്ങളും രാഷ്ട്രീയ ബോധവുമെല്ലാം തൊലിപ്പുറത്ത് മാത്രം ആയിരിക്കരുത്. ലക്ഷ്യബോധമുള്ള വ്യക്തിത്വമുള്ള ചിന്തിക്കുന്ന വിവേകമുള്ളവരുടെ സംഘടനയായിരിക്കണം കെജി ഒ എഫ്  എന്നാണ് കമ്മ്യുണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നത്. ലോക സാഹചര്യം നോക്കിയാല്‍ ഭരണകൂടം കോർപ്പറേറ്റുകളുടെ സിഇഒ ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ  പൊതുമേഖലാ സ്ഥാപനങ്ങളൊന്നും സുരക്ഷിതമല്ല. ചൂഷക വിഭാഗത്തിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയായി ഭരണകൂടം മാറുന്നു. ദേശസ്നേഹം എന്നത് മോദി എപ്പോഴും പറയുന്ന വാക്കാണെങ്കിലും അതേ സമയം ഈ സർക്കാർ രാജ്യത്തെ പൊതുമേഖലാ സങ്കൽപത്തിന് ഊറ്റം പകർന്ന എൽ ഐ സി യുള്‍പ്പെടെയുള്ള എല്ലാ പൊതുമേഖലാസ്ഥാപനങ്ങളെയും തകർക്കുന്നു.  അതുപോലെ മോദിയുടെ ഇഷ്ട മന്ത്രം വിദേശ പ്രത്യക്ഷ നിക്ഷേപമാണ്.

 ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ്  യജമാനൻമാർ എന്ന് ഇടതുപക്ഷം പറയുമ്പോൾ കോർപ്പറേറ്റുകളാണ് യജമാനൻമാർ എന്ന് വലതു പക്ഷം പറയുന്നു.തീവ്ര വലതുപക്ഷം  എന്നും കോർപറേറ്റുകളുടെ ചങ്ങാതിമാരാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി, ജീവനക്കാരുടെ  ന്യായമായ അവകാശ സമരങ്ങൾക്ക് എന്നും കൂടെ നിൽക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഭക്ഷ്യ-പൊതുവിതരണമന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത് അധ്യക്ഷനായി.സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ സി പി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജന്ദ്രന്‍, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി കണ്‍വീനര്‍ കെ പി ഗോപകുമാര്‍, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ കെ ജയകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന ട്രഷറര്‍ സി പി ഷൈജന്‍ സംബന്ധിച്ചു. കെ ജി ഒ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം ഹാരിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ജി ഒ എഫ് സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് കെ എല്‍ സോയ രക്തസാക്ഷിപ്രമേയവും സെക്രട്ടറി പി പ്രിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  കെ ജി ഒ എഫ് സംസ്ഥാന ട്രഷറര്‍ എം എസ് വിമല്‍കുമാര്‍ നന്ദി പറഞ്ഞു. കാലത്ത് സമ്മേളനനഗരിയായ ദിനേശ് ഓഡിറ്റോറിയം പരിസരത്ത് സംസ്ഥാന പ്രസിഡന്റ് കെ ആര്‍ ബിനുപ്രശാന്ത് പതാക ഉയര്‍ത്തിയതോടെ പ്രതിനിധിസമ്മേളനത്തിന് തുടക്കമായി.സംസ്ഥാന ട്രഷറർ എം എസ്  വിമൽ കുമാർ വരവുചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എസ് സജികുമാർ ബൈലോ ഭേദഗതിയും അവതരിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം