വിഷലിപ്ത പ്രചരണം അവസാനിപ്പിച്ച് വെള്ളാപ്പള്ളി മാപ്പുപറയണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ




കണ്ണൂർ :റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. വെള്ളാപ്പള്ളി സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുന്നുവെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു. വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. അദ്ദേഹത്തെ തിരുത്തിക്കാൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ എസ്എൻഡിപി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്തുവരേണ്ടതുണ്ട്.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്ന വിധത്തിലുള്ള നിരന്തര പെരുമാറ്റം ജനാധിപത്യത്തിലും സൗഹൃദ സമൂഹത്തിലും വിശ്വസിക്കുന്ന കേരള ജനത അവജ്ഞാപൂർവം തള്ളിക്കളയേണ്ടതുണ്ട്. വിശ്വ മാനവികതയുടെ പ്രവാചകൻ ആയിരുന്ന ശ്രീ നാരായണ ഗുരുവിൽ അൽപമെങ്കിലും വിശ്വാസം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതിന് കടകവിരുദ്ധമായ വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. ദേശീയ

മാധ്യമങ്ങൾ അടക്കം എല്ലാവരും തങ്ങൾ പറയുന്നത് കണ്ണും പൂട്ടി കേട്ടു മടങ്ങണമെന്ന് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ധരിച്ചുവശാകുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ജനങ്ങൾക്കു വേണ്ടിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്നു കരുതുന്നതു മൗഡ്യമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽപറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം