കല്ല്യാശേരി സോക്കര്‍ ലീഗ്: എംഎല്‍എ കപ്പ് ബ്ലാക്ക് കോബ്ര പഴയങ്ങാടിക്ക്
പഴയങ്ങാടി :കല്ല്യാശേരി സോക്കര്‍ ലീഗ് കെ എസ് എല്‍ എംഎല്‍എ കപ്പ് മത്സരത്തില്‍ ബ്ലാക്ക് കോബ്ര പഴയങ്ങാടി ജേതാക്കളായി. നിക്ഷാന്‍ അമല്‍ ഹോളിഡേയ്സ് എ.എഫ്.സി കുഞ്ഞിമംഗലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. ബ്ലാക്ക് കോബ്ര പഴയങ്ങാടിയുടെ ആദിത്യനാണ് വിജയഗോള്‍ നേടിയത്.ടൂര്‍ണമെന്റ് ചാമ്പ്യന്‍മാര്‍ക്ക് മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത എംഎല്‍എ കപ്പ് റോളിംഗ് ട്രോഫിയും കണ്ണപുരം പൊയ്യില്‍ കാര്‍ത്യായനി അമ്മയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ 50,000 രൂപ പ്രൈസ് മണിയും വാട്സ്ആപ് കൂട്ടായ്മയായ വോയിസ് ഓഫ് കല്ല്യാശ്ശേരി സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥിരം ട്രോഫിയും എം വിജിന്‍ എം എല്‍ എ സമ്മാനിച്ചു. മികച്ച കളിക്കാരനായി അമല്‍ ഹോളിഡെയ്സിന്റെ മുഫീദിനെയും മാന്‍ ഓഫ് ദ മാച്ചായി ബ്ലാക്ക് കോബ്രയുടെ ആദിത്യനെയും മികച്ച ഗോള്‍കീപ്പറായി നവനീതിനെയും തെരഞ്ഞെടുത്തു. റണ്ണറപ്പായ നിക്ഷാന്‍ അമല്‍ ഹോളിഡേയ്സ് എ.എഫ്.സി കുഞ്ഞിമംഗലത്തിന് എരിപുരം യൂണിക് ഫ്യൂവല്‍ സ്റ്റേഷന്‍ സ്പോണ്‍സര്‍ ചെയ്ത 25,000 രൂപ പ്രൈസ് മണിയും ട്രോഫിയുമാണ് ലഭിച്ചത്.
ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോളര്‍ സി.കെ വിനീത്, മുന്‍ എം എല്‍ എ ടി.വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി രാധാകൃഷ്ണന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹന്‍, ജില്ലാപഞ്ചായത്ത് അംഗം എം.വി ഷിമ, എം.വി രാജീവന്‍, കെ.സി തമ്പാന്‍ മാസ്റ്റര്‍, എം. ശ്രീധരന്‍, റിട്ടയര്‍ഡ് ഡിവൈഎസ്പി അഷ്റഫ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
സംഘാടക സമിതി കണ്‍വീനര്‍ കെ രഞ്ജിത്ത് മാസ്റ്റര്‍, പി ജനാര്‍ദനന്‍, പ്രശാന്ത് മുത്തത്ത്, എസ്.വി നിസാര്‍, മുഹമ്മദലി, പള്ളിക്കര അമീര്‍ മാടായി, ടി.വി മുഹമ്മദ്, യു നിധിന്‍, റഹ്മാന്‍ പുതിയങ്ങാടി, എസ്.വി ബാസിത്, വിനോദ് ശ്രീകണ്ഠ, ടാര്‍സന്‍ മാടായി, വി സിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
കല്ല്യാശ്ശേരി മണ്ഡലത്തിലെ എട്ട് ടീമുകളാണ് ജനുവരി 23 മുതല്‍ പഴയങ്ങാടി റെയില്‍വേ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. ഒരു ടീമില്‍ മൂന്ന് ഫുട്ബോള്‍ താരങ്ങള്‍ കല്യാശ്ശേരി മണ്ഡലത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന നിബന്ധനയോടെ ലേലത്തിലൂടെയാണ് താരങ്ങളെ കണ്ടെത്തിയത്. ബ്ലാക്ക് കോബ്രാസ്, പഴയങ്ങാടി, മലബാര്‍ എഫ്.എ കല്ല്യാശ്ശേരി, എം.വൈ.ടി കടന്നപ്പള്ളി, മാട്ടൂല്‍ സ്പോര്‍ട്സിറ്റി, സാഗ്യു യൂത്ത് മാട്ടൂല്‍, എഫ്.സി മുട്ടില്‍, നാട്ടരങ്ങ് പാടിയില്‍, യുനീക്ക് സ്പോര്‍ട്സ് സെന്റര്‍ എരിപുരം, ടൗണ്‍ ടീം പഴയങ്ങാടി, അമല്‍ ഹോളിഡേയ്സ്, എ.എഫ്.സി കുഞ്ഞിമംഗലം എന്നീ ടീമുകളാണ് കപ്പിനായുള്ള പോരാട്ടത്തില്‍ അണിനിരന്നത്.ലഹരിക്കെതിരായി കായിക മേഖലയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ എംഎല്‍എ കപ്പ് ആവിഷ്‌ക്കരിച്ചത്.

Comments
Post a Comment