മുൻ എഡി. എം നവീൻ ബാബുവിൻ്റെ മരണം: പുനരന്വേഷണ സാദ്ധ്യതയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം
തലശേരി : മുൻ കണ്ണൂർഎഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ഹരജി യെഎതിർത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കുറ്റപത്രത്തിൻ്റെ കരട് പരാതിക്കാരിയായ ഭാര്യയെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കോടതിയിൽ പ്രത്യേക അന്വേഷണ സംഘംവ്യക്തമാക്കി.
എഡിഎമ്മിൻ്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിനായി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വാദം കേൾക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണത്തെ എതിർത്ത് റിപ്പോർട്ട് നൽകിയത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 2024 ഒക്ടോബർ 15-നാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപകരമായ പ്രസംഗം നടത്തിയതിന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യമാത്രമാണ് കേസിലെ ഏക പ്രതി . നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ചെങ്ങളായിയിലെ പെട്രോൾ പമ്പ് സംരഭകൻ പ്രശാന്തിനെ പ്രതി ചേർക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ അന്നത്തെ കണ്ണൂർ എ .സി.പി ടി കെ രത്നകുമാർ സി.പി.എം സ്ഥാനാർത്ഥിയായി ശ്രീകണ്ഠാപുരം നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ചിരുന്നു. രത്നകുമാർ സി.പി.എമ്മിന് വേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന വാദമുയർത്തിയാണ് ഭാര്യ വീണ്ടും പുനരന്വേഷണത്തിനായി കോടതിയെ സമീപിച്ചത്.

Comments
Post a Comment