എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഇന്ന് കുമ്പളയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ :സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം. മൂന്ന് മേഖലകളായി തിരിച്ച് നടത്തുന്ന പര്യടനങ്ങളിൽ ആദ്യത്തേതായ വടക്കൻ മേഖലാ ജാഥ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന്മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റൻ.
കേരളം കൈവരിച്ച വികസന കുതിപ്പും എൽഡിഎഫ് സർക്കാരിന്റെ കരുതലും ചർച്ചയാക്കി ഭരണത്തുടർച്ചയ്ക്കുള്ള ജനവിധി തേടുക എന്നതാണ് ജാഥയുടെ പ്രധാന ലക്ഷ്യം. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലൂടെയാണ് വടക്കൻ മേഖലാ ജാഥ കടന്നുപോകുന്നത്. ഫെബ്രുവരി 16-ന് പാലക്കാട് തരൂരിലാണ് പര്യടനം സമാപിക്കുക. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പി. സന്തോഷ് കുമാർ എംപി മാനേജരായ ജാഥയിൽ മുന്നണിയിലെ വിവിധ കക്ഷി നേതാക്കൾ സ്ഥിരാംഗങ്ങളായി പങ്കെടുക്കും.
ആദ്യ ദിനമായ ഇന്ന് വൈകിട്ട് അഞ്ച്മണിക്ക് കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിലാണ് സമാപനം. തുടർന്നുള്ള ദിവസങ്ങളിൽ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രണ്ടാം ദിവസം വൈകിട്ട് പയ്യന്നൂരിൽ സമാപിക്കും. വടക്കൻ മേഖലയ്ക്ക് പിന്നാലെ ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഫെബ്രുവരി 3-ന് ചേലക്കരയിലും, ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ഫെബ്രുവരി 6-ന് പത്തനംതിട്ടയിലും പ്രയാണം ആരംഭിക്കും. മൂന്ന് ജാഥകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവ്വഹിക്കുന്നത്.

Comments
Post a Comment