ഇതൊക്കെ എന്ത് ? 4 ഇഡലിക്ക് 50, ഒന്നിന് 100; വൈറലായി ബെംഗളൂരുവിലെ ‘സിംഗിൾ’ ഇഡലി
ബംഗ്ളൂര് :ബെംഗളൂരുവിലെ ഭക്ഷണപ്രേമികൾക്കിടയിൽ ഇപ്പോൾ ചിരി പടർത്തുന്നത് ഒരു ഇഡലിയുടെ വിലവിവരപ്പട്ടികയാണ്. നഗരത്തിലെ പ്രശസ്തമായ കൊമേഴ്‌സ്യൽ സ്ട്രീറ്റിന് സമീപമുള്ള ‘നവീൻ ബട്ടർ ദോശ ക്യാമ്പ്’ എന്ന ഭക്ഷണശാലയിലെ വിചിത്രമായ ബോർഡാണ് റെഡ്ഡിറ്റിലൂടെ വൈറലായിരിക്കുന്നത്. നാല് ഇഡലി അടങ്ങുന്ന ഒരു പ്ലേറ്റിന് 50 രൂപയാണ് വിലയെങ്കിൽ, ഒരൊറ്റ ഇഡലി മാത്രം വാങ്ങുന്നവർ 100 രൂപ നൽകണമെന്നാണ് ബോർഡിലെ നിർദ്ദേശം. 1970 മുതൽ പ്രവർത്തിക്കുന്ന ഈ കടയിലെ ഈ ‘സിംഗിൾ വിരുദ്ധ’ നയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട ഈ ചിത്രം നിമിഷനേരം കൊണ്ടാണ് തരംഗമായത്. “ബെംഗളൂരുവിൽ സിംഗിൾസ് എല്ലായിടത്തും വിവേചനം നേരിടുന്നു, ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിലും അത് തുടങ്ങിയോ?” എന്നായിരുന്നു ഒരു ഉപഭോക്താവിന്റെ രസകരമായ കമന്റ്. “ആ ഇഡലി എന്തുകൊണ്ടാണ് ഇപ്പോഴും സിംഗിൾ ആയിരിക്കുന്നത്?” എന്നും “സിംഗിൾസ് ആയവർക്ക് വില കൂടുതലാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ” എന്നും തുടങ്ങിയ പരിഹാസങ്ങളുമായി ട്രോളന്മാരും രംഗത്തെത്തി.
സിംഗിൾ ഇഡലി വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തി സെറ്റായി തന്നെ വിൽക്കുക എന്ന കടയുടമയുടെ കച്ചവട തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് സൂചന. അതല്ലെങ്കിൽ 100 രൂപയുടെ സിംഗിൾ ഇഡലി എന്നത് വലുപ്പമേറിയ ‘തട്ടെ ഇഡലി’ ആകാമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്തായാലും ബെംഗളൂരുവിലെ ഈ ‘ലക്ഷ്വറി സിംഗിൾ ഇഡലി’ ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ടോപ്പിക്കാണ്

Comments
Post a Comment