കണ്ണൂരിനെ കേരളത്തിന്റെ കായിക ഹബ്ബാക്കി മാറ്റും:മന്ത്രി വി. അബ്ദുറഹ്മാൻ
കണ്ണൂർ: കായിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിന് ഏറ്റവും അനുയോജ്യമായ ജില്ലയാണ് കണ്ണൂരെന്നും ജില്ലയെ കേരളത്തിന്റെ കായിക ഹബ്ബാക്കി മാറ്റാനുതകുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. അഡോട്ട് ടീമുകളുടെ സഹകരണത്തോടെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ആരംഭിച്ച ഫിറ്റ് സ്റ്റാർട്ട് സ്പോർട്സ് ഇൻജ്വറി ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വടക്കേ മലബാറിലെ ഏറ്റവും വലിയ സ്റ്റേഡിയം തളിപ്പറമ്പിൽ ആരംഭിക്കുകയാണ്. ഇതുകൂടാതെ 50000 പേർക്ക് ഇരിക്കാൻ ഉതകുന്നതും ത്രീ സ്റ്റാർ ഹോട്ടൽ സൗകര്യമുടക്കമുള്ള പുതിയ സ്റ്റേഡിയം നിർമിക്കും. കായിക മേഖലയുടെ വളർച്ചക്ക് ആവശ്യമായ സ്ഥലം കണ്ണൂരിലുണ്ട്. ഇവ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്തുവർഷം കൊണ്ട് 5000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയത്. കായിക മേഖലയിൽ രാജ്യത്ത് ഏറ്റവും അധികം പണം ചെലവഴിച്ചത് കേരളമാണ്. സംസ്ഥാനത്ത് പത്ത് വർഷത്തിനു മുമ്പ് രണ്ട് സിന്തറ്റിക് ട്രാക്കുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 25 ആയി വർധിപ്പിച്ചു. തദ്ദേശസ്ഥാപനതല സ്പോർട്ട് കൗൺസിലുകൾ വഴി പഞ്ചായത്ത് കളിക്കളങ്ങൾ പ്രാവർത്തികമാക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്കൂൾതല പരിശീലനത്തിനൊപ്പം പഞ്ചായത്ത്തല പരിശീലനവും നടത്താൻ മതിയായ പരിശീലകരെ നിയമിക്കാനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അഞ്ച് പരിശീലകരെ നിയമിക്കും. ഇതിലൂടെ കൂടുതൽ കായിക പരിശീലകർക്ക് ജോലി സാധ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മികച്ച കായിക താരങ്ങൾക്ക് പരിക്കേൽക്കുന്നതോടെ ചികിത്സിക്കാൻ കഴിയാതെ കളം വിടേണ്ടിവരുന്ന സ്ഥിതിയുണ്ട്. ഇത്തരം കളിക്കാരുടെ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. കിംസ് ശ്രീചന്ദ് ആശുപത്രിയടക്കമുള്ളവരുടെ സഹായത്തോടെ താരങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കും. സംസ്ഥാനത്ത് സ്പോട്സ് ക്ലിനിക്കുകൾ വ്യാപിപ്പിക്കും. രാജ്യത്ത് ആദ്യമായി സ്പോർട്സ് ആസൂത്രണ വിഭാഗം ആരംഭിക്കാൻ പോകുകയാണ്. തദ്ദേശ സ്വാപനങ്ങളിലേക്കടക്കം ഏകോപനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ വിഭാഗം ആരംഭിക്കുന്നത്. ഇതിലൂടെ കായികതാരങ്ങളുടെ ഡാറ്റ ബാങ്കുകൾ തയാറാക്കും. ഇതുവരെ 916 പേർക്ക് ജോലി നൽകാനായെന്നും ഓരോ വർഷവും 50 പേർക്കെങ്കിലും ചുരുങ്ങിയത് ജോലി നൽകണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അബ്ദുറഹ്മാൻ വ്യക്തമാക്കി.
കിംസ് ഡയരക്ടറും കേരള ക്ലസ്റ്റർ സി.ഇ.ഒയുമായ ഫർഹാൻ യാസീൻ അധ്യക്ഷത വഹിച്ചു. ഡോ. മുനിസ് മുഹമ്മദ് പദ്ധതി വിശദീകരിച്ചു. കായിക വേദികളിൽ നിറസാന്നിധ്യവും വേറിട്ട കായികപ്രദർശനവും കാഴ്ചവെക്കുന്ന അബ്ദുറഹ്മാൻ ചങ്ങനാശ്ശേരിയെ മന്ത്രി ആദരിച്ചു. വിവിധ മേഖലയിലെ കായിക താരങ്ങളായ ഹരിത മനോഹരൻ, ഫമാസ് ഷാനവാസ്, വി. മിഥുൻ, നിവേദ്യ, ഹൃത്വിക എന്നിവരെ മന്ത്രി ആദരിച്ചു. യൂണിറ്റ് മേധാവി ഡോ. സുബിൻ ജോസഫ്, ഡോ. അഭിരാം അർജുൻ കുമാർ, ഡോ. സാജൻ മോഹൻരാജ്, ഡോ. ഹിതേഷ് രാമകൃഷ്ണൻ, ഡോ. ഹിതേഷ് രാമകൃഷ്ണൻ സംസാരിച്ചു.

Comments
Post a Comment