ഗൾഫ് രാജ്യങ്ങളെ അക്രമിച്ചത് വിനയായി : ഇറാൻ ഒറ്റപ്പെടുന്നു
ദോഹ:അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്താലും ഇറാന്റെ തിരിച്ചടിയാലുമുള്ള പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഗൾഫ് രാജ്യങ്ങളിലേക്ക് പടർന്നതോടെ കടുത്ത നിലപാടിലേക്ക് ജി സി സി രാഷ്ട്രങ്ങൾ. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്. അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗൾഫിലേക്ക് ആക്രമണം പാടില്ലെന്നാണ് ജി സി സി രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തതായും ജി സി സി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ജി സി സി രാജ്യങ്ങൾ കൂട്ടിച്ചേർത്തു. ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജി സി സി വ്യക്തമാക്കി. ഗൾഫിലേക്ക് ഇറാൻ ആക്രമണം തുടങ്ങിയപ്പോൾ തന്നെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഓരോരോ രാജ്യങ്ങളായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ ഇക്കാര്യം വ്യക്തമാക്കി ജി സി സി കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇറാന്റെ ഗൾഫ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഏത് വിധേനയുള്ള സൈനിക - നയതന്ത്ര നടപടികൾക്കും തയ്യാറാണെന്നും അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചു. മേഖലയെ ഒന്നടങ്കം അപകടത്തിലാക്കുന്ന പ്രകോപനപരമായ നീക്കങ്ങൾ ഇറാനെ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ്.
സൗദിയിലെ കിങ് ഫഹദ് വ്യോമത്താവളത്തിന് നേരെയും യു എസ് സൈനിക കേന്ദ്രത്തിന് നേരെയും മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇറാന്റെ നടപടിയെ സൗദി അതിശക്തമായി അപലപിച്ചാണ് ആദ്യം തന്നെ രംഗത്തെത്തിയത്. ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്നും പൂർണ്ണ സൈനിക ശേഷി വിന്യസിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി. പിന്നാലെ ബഹ്റൈനും ഖത്തറും യു എ ഇയുമടക്കം ഗൾഫിലേക്ക് ആക്രമണം പാടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അമേരിക്കൻ അഞ്ചാം കപ്പൽ പട ലക്ഷ്യമിട്ട് ബഹ്റൈനിലെ യു എസ് സൈനിക താവളം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനടക്കം വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെയാണ് ഇറാൻ, ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതനുസരിച്ചാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ യു എസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേലിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പായതോടെയാണ് ജി സി സി ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

Comments
Post a Comment