ത്രില്ലിങ് ! പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; എതിരാളി സർവീസസ്
'
അസം:അസാമിലെ ദകുവാഖാന സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫിയുടെ സെമിഫൈനൽ മത്സരത്തിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനൽ പ്രവേശം ഉറപ്പാക്കി. മികച്ച പ്രതിരോധവും ഊർജ്ജസ്വല ആക്രമണവും കാഴ്ച്ചവെച്ച് കേരളം പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ സർവീസസ് ആണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് പട്ടാളക്കാരുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് സർവീസസ് പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിന്റെ 15-ാം മിനിറ്റിൽ അജ്സൽ നേടിയ ഗോൾ കേരളത്തിന്റെ മുന്നിലെത്തിച്ചു. കോണറിൽ നിന്നുള്ള പന്ത് വലയിൽ കയറിയതോടെ പഞ്ചാബ് പ്രതിരോധം വിറച്ചു. കളിയുടെ താളം അതിനുശേഷം മുഴുവനായും കേരളത്തിന്റെ നിയന്ത്രത്തിലായി. 34-ാം മിനിറ്റിൽ റിയാസ് ടീമിന്റെ മനോഹരമായ പാസിംഗ് മൂവ് പൂർത്തിയാക്കി രണ്ടാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കാനിരിക്കെ വിഘ്നേഷ് കൃത്യതയുള്ള ഷോട്ടിലൂടെ മൂന്നാം ഗോൾ നേടിയപ്പോൾ മത്സരം ഏകപക്ഷീയമായി. രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണവേഗം കുറഞ്ഞില്ല.. 83-ാം മിനിറ്റിൽ റിയാസ് വീണ്ടും വല കുലുക്കിയതോടെ സ്കോർ 4–0 ആയി.

Comments
Post a Comment