പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ദാമു സർഗത്തിൻ്റെ ഫോട്ടോ പ്രദർശനത്തിൽ നിന്നും ഡി.വൈ.എഫ്.ഐ പിൻമാറി




കണ്ണൂർ :പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ സി.പി.എം അനുകൂലിയായ കലാകാരൻ്റെ

ഫോട്ടോ പ്രദർശനം തടഞ്ഞതായി ആരോപണം. വെള്ളൂർ ശ്രീ കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രത്തിലാണ് സംഭവം. ദാമു സർഗമെന്ന സി.പി.എം അനുകൂലിയായ ഫോട്ടോഗ്രാഫറുടെ ഫോട്ടോ പ്രദർശനമാണ് തടഞ്ഞത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ വെള്ളൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചത്.എന്നാൽ ചൊവ്വാഴ്ച്ച രാത്രി മേഖല കമ്മിറ്റി ഭാരവാഹികളിലൊരാൾവിളിച്ച് ഫോട്ടോ പ്രദർശനം നടത്താൻ കഴിയില്ലെന്ന് പറഞ്ഞതായി ദാമു സർഗം മാധ്യമങ്ങളോട് പറഞ്ഞു. മുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് തീരുമാനമെന്ന് ഭാരവാഹിപറഞ്ഞതായി ദാമു സർഗം വ്യക്തമാക്കി. കുന്നരുവിലെ രക്തസാക്ഷി

ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ദാമു സർഗം അടക്കമുള്ള നിരവധി പേർ പങ്കെടുത്ത് പ്രകടനവും നടന്നിരുന്നു. ഇതിലുള്ള വിരോധമാകാം ഫോട്ടോ പ്രദർശനം തടയാൻ ഇടയാക്കിയതെന്ന് കരുതുന്നത്.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു വെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കിയത്.

വി .കുഞ്ഞികൃഷ്ണന്റെ ആരോപണം അണികൾക്കിടയിൽ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ സമ്മേളനം നടത്തി കണക്കുകൾ അവതരിപ്പിക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് കണക്ക് അവതരിപ്പിക്കാനുള്ള തീരുമാനം. താൻ എഴുതിയ പുസ്തകം പുറത്തിറങ്ങും മുമ്പ് കണക്കുകൾ പുറത്തുവിടാൻ വി കുഞ്ഞികൃഷ്ണൻ പാർട്ടി നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതു സ്വീകരിക്കാതെയാണ് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം പുസ്തക പ്രകാശനത്തിന് ശേഷം കണക്കുകൾ പുറത്ത് വിടാൻ തീരുമാനിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം