അപകടക്കെണിയൊരുക്കി പനോന്നേരി ,സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

 


കാടാച്ചിറ : കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ പാനോന്നേരി വളവിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസം രാത്രി സ്കൂട്ടർ യാത്രികരായ രണ്ടുപേരെ മറ്റൊരു ബൈക്ക് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയതാണ് ഒടുവിലത്തെ സംഭവം. തലനാരിഴയ്ക്കാണ് സ്കൂട്ടർ യാത്രക്കാരൻ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ആഴ്ചയിൽ ചുരുങ്ങിയത് ഒരപകടമെങ്കിലും  ഇവിടെ നടക്കാറുണ്ട്.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഈ സ്ഥലത്ത് നിരവധി വാഹനാപകടങ്ങൾ നടന്നു.ജീവഹാനികളും ഉണ്ടായിട്ടുണ്ട്. അമിതവേഗതയും റോഡിൻ്റെവീതി കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംസ്ഥാനപാതയിൽ കെ.ഒ.റോഡും  എം.ടി. റോഡും  വന്നു ചേരുന്ന ജങ്ഷൻ കൂടിയാണിത്. വളവിനോടൊപ്പം തന്നെ റോഡിന് വീതി കുറവായതും മറ്റ് റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.2010-ൽ നടന്ന റോഡ് വികസനത്തിന്റെ ഭാഗമായി പാനോന്നേരി വളവ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ നാട്ടുകാരുടെ ഈ ആവശ്യം നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറായില്ല. നിലവിൽ അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലോ കാൽനടയാത്രികരിലോ ഇടിക്കുന്നത് പതിവാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവും അപകടങ്ങൾക്ക് സാദ്ധ്യത കൂട്ടുന്നുണ്ട്.

അപകടങ്ങൾ നിത്യസംഭവമാകുന്ന പാനോന്നേരിയിൽവേഗത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ പറഞ്ഞു. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ ആവശ്യമായ ഹമ്പുകളോ മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തണം.സ്ഥിരം അപകടമേഖലയായതിനാൽ ഇവിടെ എ.ഐ  ക്യാമറകളോ സി.സി.ടി.വി സംവിധാനങ്ങളോ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.കവലയിൽ റോഡിന് വീതി കൂട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് യാത്രക്കാർ പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം