കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് കെ.സുധാകരൻ എം.പി
കണ്ണൂർ:കേന്ദ്ര ധനമന്ത്രി സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ .സുധാകരൻ ,എം.പി ആരോപിച്ചു.വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, ചെറുകിട വ്യാപാര തകർച്ച തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊന്നും ബജറ്റിൽ കാണാനില്ല.ദിവസേന ഉയരുന്ന പെട്രോൾ-ഡീസൽ വില, പാചകവാതക വില, അവശ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയിൽ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാൻ ഒരു ആശ്വാസ നടപടിയും ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ യുവജനങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ ബജറ്റിലില്ല.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര സർക്കാർ വീണ്ടും ക്രൂരമായി അവഗണിച്ചു. റെയിൽവേ, ദേശീയപാത, തുറമുഖം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളത്തിന് അർഹമായ വിഹിതം ലഭിച്ചിട്ടില്ല. കേരളത്തോടുള്ള ബിജെപി ഗവൺമെന്റിന്റെ ശത്രുതാമനോഭാവം ഇനിയും മാറിയിട്ടില്ലായെന്ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് വിലയിരുത്തുമ്പോൾ ഒറ്റനോട്ടത്തിൽ പറയാൻ പറ്റും . കേന്ദ്ര ധന മന്ത്രി കേരളത്തിന് ഒന്നും തന്നില്ലയെന്ന് മാത്രമല്ല കേരളത്തിന്റെ ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള അപകടകരമായ നീക്കവും ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നു. പ്രളയവും പ്രകൃതി ദുരന്തങ്ങളും ഏറ്റുവാങ്ങുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതും കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ സമീപനത്തിന്റെ തെളിവാണ്.കോർപ്പറേറ്റ് അനുകൂല നയങ്ങൾ തുടർന്നുകൊണ്ട് സാധാരണ ജനങ്ങൾക്ക് നേരെ നികുതി ഭാരം ചുമത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എം.പി ആരോപിച്ചു. വൻകിട കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുമ്പോൾ ഇടത്തരക്കാർക്കും ദരിദ്രർക്കും ആശ്വാസമില്ലാത്ത ബജറ്റാണ് ഇത്.രാജ്യത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു.ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധവും പോരാട്ടവും തുടരുമെന്ന് കെ. സുധാകരൻ എം.പി വ്യക്തമാക്കി.

Comments
Post a Comment