മാലൂർപനമ്പറ്റയിലെ കുട്ടികൾ പഠിക്കും 'റോബോട്ടിൻ്റെ ടെക്നിക് '




മട്ടന്നൂർ :പുത്തൻ സാങ്കേതികവിദ്യയുടെ പാഠങ്ങൾ പഠിക്കാൻ അത്യാധുനിക എഐ - റോബോട്ടിക്സ് ലാബ് മാലൂർ പനമ്പറ്റ ന്യൂ യുപിസ്‌കൂളിൽ പ്രവർത്തനം തുടങ്ങി. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധിയുടെ സാധ്യതകൾ  പ്രൈമറി തലം മുതൽ വിദ്യാർഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്‌കൂളിൽ റോബോട്ടിക്‌സ്‌ ലാബ്‌ സ്ഥാപിച്ചത്‌. ദുബായ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പാണ്‌ റോബോട്ടിക്‌സ്‌ എഐ ആൻഡ്‌ ഇന്നൊവേഷൻ ലാബ്‌ (RAIL) ഒരുക്കിയത്.

ലാബ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ എഐ ആൻ്റ് റൊബോട്ടിക് എക്സ്പീരിയൻസ് സെൻ്റർ സ്കൂളിൽ സജ്ജമാക്കിയിരുന്നു. പ്രദർശനം കാണാനും നിർമിതി ബുദ്ധിയുടെ സാധ്യതകൾ അനുഭവിച്ചറിയാനും വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളും പൊതുജനങ്ങളുമെത്തി.

 വിദ്യാർഥികളിൽ ആധുനിക  സാങ്കേതിക വിദ്യയുടെ അഭിരുചി വളർത്തുന്ന രീതിയിലാണ് ഈ ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധി (AI), ഇലക്ട്രോണിക്സ് എന്നിവ പഠിക്കാൻ സഹായിക്കുന്ന ക്വാർക്കി (Quarky), വിസ്‌ബോട്ട് (Wizbot) തുടങ്ങിയ കിറ്റുകളും പ്ലൂട്ടോ ഡ്രോണുകളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക്  ഭാവനയിലുള്ള രൂപങ്ങൾ നിർമ്മിച്ചെടുക്കാൻ ത്രിഡി പ്രിന്ററുകളും ത്രിഡി പേനകളും ഇവിടെ ലഭ്യമാകും. പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന ‘ബോണിക് ബോട്ട്' എന്ന ഹ്യൂമനോയിഡ് റോബോട്ടും സജ്ജമാക്കും. 

നാസ സ്‌പേസ് ആപ്‌സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായ

യുണീക്ക് വേൾഡ് റോബോട്ടിക്‌സ്‌ നേരിട്ട് പനമ്പറ്റ സ്കൂളിലെ കുട്ടികളെ പഠിപ്പിക്കും.   വിദേശത്ത് നിന്ന് സാങ്കേതികവിദ്യ വിദഗ്‌ധരും വിദ്യാർഥികളും നേരിട്ടെത്തി പനമ്പറ്റ സ്‌കൂളിലെ കുട്ടികൾക്ക്‌ പരിശീലനം നൽകും.

വിദ്യാർഥികൾക്ക്‌ പുറമേ ഗ്രാമീണമേഖലയിലെ ജനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസം നൽകുക എന്ന വലിയ ലക്ഷ്യം കൂടി ഏറ്റെടുക്കുകയാണ്‌ ഇ‍ൗ പൊതുവിദ്യാലയം.

ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുരേഷ് ബാബു അധ്യക്ഷനായി. യൂണീക് വേൾഡ് റൊബോട്ടിക്സ് സിഇഒ ബൻസൻ തോമസ് ജോർജ് മുഖ്യാതിഥിയായി. സ്റ്റാർട്ട് അപ് മിഷൻ പിആർഒ അഷിത വി എ , കേരള സാങ്കേതിക സർവകലാശാല മുൻ സിൻഡിക്കറ്റംഗം  ആഷിക് ഇബ്രാഹിം കുട്ടി എന്നിവർ പദ്ധതി വിശദീകരിച്ചു.  സ്കൂൾ മാനേജർ വി കെ സനോജ് സ്വാഗതവും പ്രധാനാധ്യാപകൻ ടി പി രഞ്ജിത് കുമാർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം