പി. അനന്തൻ സ്മാരക മാധ്യമ പുരസ്കാരം ഇ വി ഉണ്ണികൃഷ്ണന് സമ്മാനിക്കും
പെരളശ്ശേരി: സ്വാതന്ത്ര്യസമരസേനാനിയും, ദേശാഭിമാനി മുൻ മാനേജരും ,പത്രാധിപ സമിതി അംഗവും, പെരളശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന പി. അനന്തൻ്റെ പേരിൽ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം മാതൃഭൂമി ന്യൂസ് ,അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ ഇ.വി ഉണ്ണികൃഷ്ണന്. സമ്മാനിക്കും.
ജനപക്ഷ വികസനോന്മുഖ റിപ്പോർട്ടിനാണ് പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വരുമാനമോ, വാർധക്യത്തിൽ നോക്കാൻ ബന്ധുക്കളോ ഇല്ലാത്ത കാസർക്കോട് മുട്ടിച്ചരലിലെ കുട്ടിയമ്മക്ക് സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യനിർമാർജന പദ്ധതിയിലൂടെ വീടും സ്ഥലവും പുതിയ ജീവിതവും ലഭിച്ചതിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിനാണ് പുരസ്കാരം.
2010 ൽ നടന്ന മംഗലാപുരം വിമാനാപകട വാർത്ത ഇന്ത്യാവിഷനിലൂടെ ലോകത്തെ അറിയിച്ചത് ഉണ്ണികൃഷ്ണനായിരുന്നു. ഡൽഹി തുടർബോംബ് സ്ഫോടനം, കട്ടിപ്പാറ പുത്തുമല കവളപ്പാറ ഉരുൾപൊട്ടലുകൾ, കരിപ്പൂർ വിമാനാപകടം, മൂന്നാറില ഭൂമികയ്യേറ്റങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് തവണ സംസ്ഥാന സർക്കാറിൻ്റെ ദുരന്ത നിവാരണമാധ്യമ അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മീഡിയ അവാർഡ്, ക്ഷീരവികസനവകുപ്പിൻ്റെ മാധ്യമ പുരസ്കാരം, വികെ മാധവൻകുട്ടി മാധ്യമ അവാർഡ്, സുരേന്ദ്രൻ നീലേശ്വരം ദൃശ്യമാധ്യമ പുരസ്കാരം, ടി വി അച്യുത വാരിയർ അവാർഡ് എന്നിവ ലഭിച്ചു.
ടെലിവിഷൻ മാധ്യമപ്രവർത്തനത്തിലെവെല്ലുവിളികളും, രസകരമായ ഓർമ്മകളും പങ്കു വെക്കുന്ന 'മാപ്ര സ്റ്റോറീസ് ' എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്.
നീലേശ്വരം പരപ്പ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ഭാര്യ: ഡോ :അമ്പിളി. രണ്ട് മക്കൾ.കെ വി കുഞ്ഞിരാമൻ ചെയർമാനും കെ ബാലകൃഷ്ണൻ, എം കെ
.മനോഹരൻ എന്നിവരടങ്ങിയ സമിതിയുമാണ് പുരസ്കാരംനിർണ്ണയിച്ചത്.ഫെബ്രുവരി 27 ന് പെരളശ്ശേരി വടക്കുമ്പാട്ട് നടക്കുന്ന പി. അനന്തൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

Comments
Post a Comment