കളരിയെക്കുറിച്ച് പൃഥ്വിരാജ് പറയുമെന്ന് മഹേഷ് ബാബു; ‘കോട്ടയം കണക്ഷൻ’ പറഞ്ഞ് ഞെട്ടിച്ച് പ്രിയങ്ക ചോപ്ര
കൊച്ചി:മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വാരാണസി’. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ‘വാരാണസി’യുടെ ഹോളിവുഡ് പ്രമോഷൻ വേദിയിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.ഒരു ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ നടി പ്രിയങ്ക ചോപ്രയുടെ ‘കോട്ടയം കണക്ഷൻ’ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. സംഭാഷണങ്ങൾക്കിടെ കേരളത്തിന്റെ തനത് ആയോധന കലയായ കളരിയെ കുറിച്ച് പരാമർശിച്ചപ്പോൾ ആയിരുന്നു പ്രിയങ്ക തന്റെ മലയാളി ബന്ധം തുറന്നുപറഞ്ഞത്. ഇതുകേട്ട് മഹേഷ് ബാബുവും പൃഥ്വിരാജും ഞെട്ടുന്നതും കാണാം.
അഭിമുഖത്തിനിടെ ആയോധന കലയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് മഹേഷ് ബാബു മനസ് തുറന്നു. പിന്നാലെയാണ് കേരളം ചർച്ചയായത്. സിനിമയിലെ തന്റെ ഓട്ടവും ആക്ഷൻ രംഗങ്ങളുമെല്ലാം സ്വാഭാവികമാക്കാൻ ആറുമാസത്തോളം കളരിപ്പയറ്റ് അഭ്യസിച്ചിരുന്നുവെന്ന് മഹേഷ് ബാബു പറഞ്ഞു.കളരി ഒരു പ്രത്യേക ഐറ്റമാണെന്നും അതേക്കുറിച്ച് പൃഥ്വിരാജിനായിരിക്കും കൂടുതൽ പറയാൻ കഴിയുക എന്നും മഹേഷ് പറഞ്ഞപ്പോഴാണ് പ്രിയങ്ക ചോപ്രയുടെ ‘കോട്ടയം കണക്ഷൻ’ പുറത്തുവന്നത്.തനിക്കും കളരി അറിയാമെന്നും അത് എന്റെ കൂടി നാടിന്റെ കലയാണെന്നുമാണ് പ്രിയങ്ക പറഞ്ഞത്. എന്റെ അമ്മൂമ്മ കോട്ടയം കാരിയാണ്!’’ എന്ന പ്രിയങ്കയുടെ മറുപടി കേട്ട് പൃഥ്വിയും മഹേഷും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. നേരത്തെയും പ്രിയങ്ക ചോപ്ര തന്റെ കേരളത്തിലെയും കോട്ടയത്തെയും തന്റെ വേരുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കോട്ടയത്ത് വന്നതിന്റെ ചിത്രങ്ങളും താരം മുൻപ് പങ്കുവെച്ചിരുന്നു.അതേസമയം 1300 കോടിയിലേറെ ബജറ്റിലാണ് വാരണാസി ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. വി വിജയേന്ദ്ര പ്രസാദ്, എസ് എസ് കാഞ്ചി എന്നിവർക്കൊപ്പം സംവിധായകൻ എസ് എസ് രാജമൗലിയും ഈ സിനിമയുടെ സഹ-രചയിതാവാണ്. ശ്രീ ദുർഗ ആർട്‌സ് ആൻഡ് ഷോയിംഗ് ബിസിനസ് ആണ് സിനിമയുടെ നിർമാണം നിർവഹിച്ചത്.

Comments
Post a Comment