തദ്ദേശദിനാഘോഷം; ആന്തൂരിൽ കലാവസന്തം വിരിഞ്ഞു


ധർമ്മശാല :തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ആന്തൂരിനെ കലാ സാംസ്‌കാരിക സമ്പന്നമാക്കി ഹാപ്പിനസ് ഫെസ്റ്റിന്റെ നാലാം ദിനത്തിലും വിവിധ കലാപരിപാടികൾ. കലയും സംസ്കാരവും വിരുന്നെത്തിയ വേദിയിൽ ജനലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയം, കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായി ഒരുക്കിയ വേദികളിളാണ് സംഗീതവും നൃത്തവും ഫാഷൻ ഷോ ഉൾപ്പെടെയുള്ളവയും അരങ്ങേറിയത്.


മെഹഫിൽ ഇ സമ' നയിച്ച സൂഫി ബാന്റ് അവതരിപ്പിച്ച സൂഫി സംഗീത നിശ  ആന്തൂരിന്റെ രാവിനെ സംഗീത സാന്ദ്രമാക്കി. ഖവ്വാലിയും ഗസലും കോർത്തിണക്കി അവതരിപ്പിച്ച സൂഫി സംഗീതം ആസ്വാദകരുടെ മനസ്സിൽ കുളിർമഴയായി പെയ്തിറങ്ങി .


ധർമശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ഫാഷൻ ഷോയും മുൻസിപ്പൽ സ്റ്റേഡിയത്തിൽ അരങ്ങേറി. ഹാപ്പിനസ് പ്രധാന തീമാക്കി ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകൾ റാമ്പിലെത്തിയത്.


കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിൽ അരങ്ങേറിയ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കലാവിരുന്നും ശ്രദ്ധേയമായി. ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് കലയുടെ ലോകത്തേക്ക് ചേക്കേറിയ ജീവനക്കാരുടെ സംഘനൃത്തവും തിരുവാതിരയും വേദിയിൽ വർണ്ണവിസ്മയം തീർത്തു. കുടുംബശ്രീയുടെ ഭക്ഷണശാലകളും പ്രദർശന വിപണന സ്റ്റാളുകളും ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഫെബ്രുവരി 19 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വരും ദിവസങ്ങളിലും വൈവിധ്യമാർന്ന സെമിനാറുകളും പ്രമുഖർ പങ്കെടുക്കുന്ന കലാസന്ധ്യകളും അരങ്ങേറും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം