കടുവയുടെ തോലും പല്ലും നഖവും ലഭിച്ചത് കർണാടകയിലെ നായാട്ടുകാരിൽ നിന്ന്: പ്രതികൾ റിമാൻഡിൽ
കണ്ണൂർ :കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപന നടത്താൻ ശ്രമിച്ച ഏഴംഗ സംഘത്തെ കോടതി റിമാൻഡ് ചെയ്തു.
വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്നാണ് പ്രതികളെപിടികൂടിയത്. തലശേരികതിരൂരിലാണ് സംഭവം. രഹസ്യവിവരം അനുസരിച്ചു കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ് ടി.യുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് തലശ്ശേരി താലൂക്കിലെ കതിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ആദ്യഘട്ടത്തിൽ കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ എൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന കല്ലിക്കണ്ടി സ്വദേശി ശരത് കെ. കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി കെ, മലാൽ സ്വദേശി രഖിൽ ടിപി എന്നിവരെയും അന്വേഷണ സംഘം പിടികൂടി. കർണാടകയിൽ നിന്നും വിൽപനയ്ക്കായി എത്തിച്ചതാണ് ഇവയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കടുവയുടെ തോല് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ഉപയോഗിച്ച ഇന്നോവ കാർ പിടിച്ചെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ്, തോലമ്പ്ര സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമ്യ കെ. കെ, വിപീഷ് ബി. സി, കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുകേഷ് കെ. പി, പ്രിയ സി, ഷിനിൽ സി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ തലശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടുവയുടെ തോലിനും പല്ലിനുമൊക്കെ ലക്ഷങ്ങൾ വിലയുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത് കർണാടക വനത്തിലെ നായാട്ടുകാരിൽ നിന്നാണ് ഇതൊക്കെ സംഘടിപ്പിക്കുന്നത്.

Comments
Post a Comment