കണ്ണൂർ മെഡിക്കൽ കോളേജിൽഹൃദയം തുറക്കാതെഅയോർട്ടിക് വാൾവ് മാറ്റി വെക്കൽ ആദ്യ ശസ്ത്രക്രിയ ( ടാവി ) വിജയകരം .




 തളിപ്പറമ്പ് :കേരളത്തിലെ സർക്കാർ മേഖലയിലെആദ്യ മോട്ടറൈസ്ഡ് 'ടാവി' (TAVI- ട്രാൻസ് അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ- ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ പ്രധാന വാൽവ് ആയ അയോർട്ടിക് വാൽവ് മാറ്റി വെക്കുന്ന ചികിൽസ) പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം വിജയകരമായി നിർവ്വഹിച്ചു. ഈ സങ്കേതം ഉപയോഗിച്ചുള്ള ചികിത്സാരീതി, ഹൃദയ ചികിൽസയിലെ മറ്റൊരു വിപ്ലവമായി വിലയിരുത്തപ്പെടുന്നു.കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവിയായ പ്രൊഫസർ ഡോ: വി. ജയറാമിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ ചികിൽസ നടത്തിയത്. സംഘത്തിൽ ഡോ. വി. സുധാകുമാരി (അസോസിയേറ്റ് പ്രൊഫസർ), ഡോ. രാകേഷ്.കെ (അസിസ്റ്റന്റ് പ്രൊഫസർ), ഡോ. എസ്. ജി. ശ്യാം ലക്ഷ്മൺ (അസിസ്റ്റന്റ് പ്രൊഫസർ) എന്നിവർ പങ്കെടുത്തു. ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്കെത്തിക്കുന്ന മഹാധമനിയുടെ (അയോർട്ട) വാൽവ് രോഗം ബാധിച്ച് ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരമായ ലക്ഷണങ്ങളോടു കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 75 വയസ്സുള്ള രോഗിക്കാണ് 'ടാവി' നടത്തിയത്. വിജയകരമായ ഈ ചികിത്സയ്ക്ക് ശേഷം രോഗിയെ നാലാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.നവീനമായ ഈ ചികിത്സ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ മുഴുവൻ പിന്തുണയും നൽകിയ കേരള സർക്കാരിനോടും ആരോഗ്യ വകുപ്പു മന്ത്രിയോടും മേലധികാരികളോടും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ. സുദീപും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.'മോട്ടോറൈസ്ഡ് ടാവി' ചികിൽസക്ക് പൂർണ്ണ പിന്തുണ നൽകിയ കാർഡിയാക് സർജറി വിഭാഗത്തിലെ ഡോ. പ്രജീഷ്, ഡോ. റിജോയ്, കാർഡിയാക് അനസ്‌തീഷ്യ വിഭാഗത്തിലെ ഡോ.ബിജു എന്നിവർക്കും മെഡി.കോളേജ് അധികൃതർ അഭിനന്ദനങ്ങളർപ്പിച്ചു. കൂടാതെ കാത്‌ലാബ് ടീം, ടെക്നീഷ്യന്മാർ, നഴ്സിംഗ് സ്റ്റാഫ്, സി.സി. യു സ്റ്റാഫ്, വാർഡ് സ്റ്റാഫ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സംഭാവനകളും ഏറെ പ്രശംസനീയമാണെന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു. സർക്കാർ ആശുപത്രിയിൽ ചെലവുകുറഞ്ഞ രീതിയിൽ ഈ ശസ്ത്രക്രിയ നടത്തിയത് പൊതുജനാരോഗ്യ രംഗത്തെ ഒരു പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അത്യാധുനിക ഹൃദയചികിത്സ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.ഭാവിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ ഈ ശസ്ത്രക്രിയ സ്ഥിരമായി നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം