കെ.എസ് അടങ്ങുമോ ആളിക്കത്തുമോ? നിർണായക വാർത്താ സമ്മേളനം ഇന്ന് 12 ന്
കണ്ണൂർ : കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഹൈക്കമാൻഡ് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ കെ. സുധാകരൻ എം.പി യുടെ നിലപാടെന്തെന്ന് അറിയാൻ രാഷ്ട്രീയ കേരളം കാതോർക്കും. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളൊന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും എം.പി യുമായ സുധാകരൻ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും. ഇന്ന് പുലർച്ചെ വരെ ഡൽഹിയിൽ കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് എം. പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കെ. സുധാകരൻ അവകാശവാദമുന്നയിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മുൻ മേയർ ടി.ഒമോഹനനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയും ചെയ്തു .ഇതോടെ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു മന്ത്രിസഭയിലെത്താമെന്ന കെ. സുധാകരൻ എം.പി യുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേൽക്കുകയും ചെയ്തു. സുധാകരന് സീറ്റ് നിഷേധിച്ചതിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രതിഷേധത്തിലാണ് കെ.എസിന് സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും ഡി.സി.സി ഓഫീസിന് മുൻപിൽ പോസ്റ്റർ പതിക്കുകയും ചെയ്തിരുന്നു. പേരാവൂരിൽ സണ്ണി ജോസഫ് മത്സരിക്കുന്ന മണ്ഡലത്തിൽ കെ.പി.സി.സി പ്രസിഡൻ്റിനെതിരെ വ്യാപകമായി പോസ്റ്റർ പ്രചാരണവും നടന്നിരുന്നു. ഈ സാഹചര്യത്തിൽ കെ.എസ് ഇ ടഞ്ഞതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയം'

Comments
Post a Comment